യു.എ.ഇയിൽ നിർമിച്ച ആദ്യ സ്വകാര്യ കൃത്രിമ ഉപഗ്രഹം ‘അല്‍തായര്‍-വൺ’ വിക്ഷേപിച്ചു
text_fieldsഅബൂദബി: യു.എ.ഇയിൽ നിർമിച്ച ആദ്യ സ്വകാര്യ കൃത്രിമ ഉപഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തി. കാലിഫോർണിയയിൽ നിന്നാണ് ‘അൽതായർ വൺ’ എന്ന് പേരിട്ട സാറ്റലൈറ്റ് വിക്ഷേപിച്ചത്. അബൂദബിയിലെ ഓർബിറ്റ് വർക്ക്സ് എന്ന സ്ഥാപനം വികസിപ്പിച്ചതാണ് ഈ ഭൗമനിരീക്ഷണ ഉപഗ്രഹം. അടുത്തവർഷം ഒമ്പത് കൃത്രിമ ഉപഗ്രഹങ്ങൾ കൂടി വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഈ കമ്പനി.
കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് സ്‌പേസ് എക്‌സിന്‍റെ ട്രാന്‍സ്‌പോര്‍ട്ടര്‍-18 റൈഡ്‌ഷെയര്‍ മിഷന്‍ വഴിയായിരുന്നു വിജയകരമായ വിക്ഷേപണം. സിഗ്‌നല്‍ സ്വീകരിക്കുന്നതില്‍ വിജയിച്ച സാറ്റലൈറ്റ് നിലവില്‍ കമീഷനിങ് ഘട്ടത്തിലാണ്. യു.എ.ഇയുടെ ആദ്യ കൊമേഴ്സ്യല്‍ എ.ഐ അധിഷ്ഠിത ഭൗമ നിരീക്ഷണ ശൃംഖലയായ ‘അല്‍തായര്‍’ പദ്ധതിയിലെ പത്ത് സാറ്റലൈറ്റുകളില്‍ ആദ്യത്തേതാണ് അല്‍തായര്‍-വൺ. അബൂദബിയിലെ ഓര്‍ബിറ്റ് വര്‍ക്‌സ് സൗകര്യത്തില്‍ രൂപകൽപന ചെയ്ത് പരീക്ഷിച്ച സാറ്റലൈറ്റ് കഴിഞ്ഞ ആഗസ്റ്റിലാണ് കാലിഫോര്‍ണിയയിലേക്ക് കൊണ്ടുപോയത്. ശേഷിക്കുന്ന ഒമ്പത് സാറ്റലൈറ്റുകള്‍ 2027ഓടെ വിക്ഷേപിക്കും.
ദേശീയ ബഹിരാകാശ പദ്ധതിയുടെ നാഴികക്കല്ലാണിതെന്ന് വിശേഷിപ്പിച്ച കായിക മന്ത്രിയും യു.എ.ഇ ബഹിരാകാശ ഏജന്‍സി ചെയര്‍മാനുമായ ഡോ. അഹ്‌മദ് ബെല്‍ഹൂൽ അല്‍ ഫലാസി, നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ സ്വകാര്യമേഖലയുടെ പങ്ക് എടുത്തുപറഞ്ഞു. ഒപ്റ്റിക്കല്‍, ഷോർട് വേവ് ഇന്‍ഫ്രാറെഡ്, തെര്‍മല്‍, ഹൈപ്പര്‍ സ്‌പെക്ട്രല്‍, റേഡിയോ ഫ്രീക്വന്‍സി എന്നിങ്ങനെ അഞ്ച് ഇന്‍റഗ്രേറ്റഡ് സെന്‍സറുകളാണ് ഓരോ അല്‍താഇര്‍ സാറ്റലൈറ്റിലുമുള്ളത്. ഇതിലെ എന്‍വിഡിയ ജി.പിയു മുഖേന മണിക്കൂറുകള്‍ നീളുന്ന ഗ്രൗണ്ട് പ്രൊസസിങ് സമയമില്ലാതെ മിനിറ്റുകള്‍ക്കകം ഡാറ്റ വിശകലനത്തിന് തയാറാക്കി നല്‍കുന്നു.
കാട്ടുതീയുടെ ആദ്യ ചൂട് തകരാറുകള്‍ പോലും വേഗത്തില്‍ കണ്ടെത്താനും സമുദ്രത്തിലെ അനധികൃത നീക്കങ്ങള്‍ നിരീക്ഷിക്കാനും ഇത് സഹായിക്കും. ദുരന്ത നിവാരണം, സമുദ്ര സുരക്ഷ, പരിസ്ഥിതി നിരീക്ഷണം, ഭക്ഷ്യസുരക്ഷ, അടിസ്ഥാന സൗകര്യ നിരീക്ഷണം, ദേശീയ സുരക്ഷ എന്നീ മേഖലകളില്‍ ഇത് സേവനം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

