ഡിസ്ട്രിക്റ്റ് കൂളിങ് പ്ലാന്റിന്റെ ഒന്നാംഘട്ടം പ്രവർത്തനം തുടങ്ങി
text_fieldsജുമൈറ ബീച്ച് ഹിൽസിൽ ആരംഭിച്ച ഡിസ്ട്രിക്റ്റ് കൂളിങ് പ്ലാന്റിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം
സി.ഇ.ഒ അഹമ്മദ് ബിൻ ഷഫർ നിർവഹിക്കുന്നു
ദുബൈ: ജുമൈറ ബീച്ച് ഹിൽസിൽ ആരംഭിച്ച കേന്ദ്രീകൃത കൂളിങ് സംവിധാനമായ ഡിസ്ട്രിക്റ്റ് കൂളിങ് പ്ലാന്റിന്റെ ഒന്നാം ഘട്ടം പ്രവർത്തനത്തിന് തുടക്കമിട്ട് എമിറേറ്റ്സ് സെൻട്രൽ കൂളിങ് സിസ്റ്റംസ് കോർപറേഷൻ (എംപവർ). ജുമൈറയിലേയും പരിസര പ്രദേശങ്ങളിലേയും പ്രധാന റെസിഡൻറ്സ്, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാവശ്യമായ ശീതീകരണ ആവശ്യങ്ങൾ നിറവേറ്റുകയാണ് ലക്ഷ്യം. ഒരു പ്രദേശത്തെ മുഴുവൻ കെട്ടിടങ്ങളിലേക്കും എയർ കണ്ടീഷൻ എത്തിക്കാനായുള്ള കേന്ദ്രീകൃത പദ്ധതിയാണിത്. പദ്ധതിയുടെ മുഴുവൻ ഘട്ടവും പൂർത്തിയാവുന്നതോടെ പ്ലാന്റിന്റെ ശേഷി 48,000 റെഫ്രിജറേഷൻ ടൺ ആയി ഉയരും.
എമിറേറ്റിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലകളായ ബുർജുൽ അറബ്, ജുമൈറ ബീച്ച് ഹോട്ടൽ, മർസ അൽ അറബ്, മദീനത്ത് ജുമൈറ ലിവിങ്, ജുമൈറ അൽ നസീം ഹോട്ടൽ എന്നിവിടങ്ങളിലേക്കും എയർ കണ്ടീഷൻ എത്തിക്കാൻ പദ്ധതിവഴി സാധിക്കും. ഭാവിയിൽ സൂക്ക് മദീനത്ത് ജുമൈറ, ജുമൈറ അൽ ഖസർ ഹോട്ടൽ, ജുമൈറ മിന സലാം ഹോട്ടൽ പദ്ധതികൾക്കും എയർ കണ്ടീഷൻ എത്തിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് ജുമൈറ ബീച്ച് ഹിൽസ് പ്ലാന്റിന്റെ നിർമാണം. കൂടാതെ, സുസ്ഥിര ഹരിതനിർമാണരീതികളും ദുബൈയിലെ ഏറ്റവും പുതിയ നഗരവികസന പ്രവണതകളും പദ്ധതിയിൽ സംയോജിപ്പിച്ചതായി എംപവർ അധികൃതർ വ്യക്തമാക്കി.
ഭാവിയിൽ എംപവർ അതിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ആദ്യഘട്ട ഉദ്ഘാടന വേളയിൽ സി.ഇ.ഒ അഹമ്മദ് ബിൻ ഷഫർ പറഞ്ഞു. പരിസ്ഥിതി സൗഹൃദപരവും ഉയർന്ന നിലവാരത്തിലും എയർകണ്ടീഷൻ സേവനങ്ങൾ നൽകി വ്യവസായ മേഖലകളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. എമിറേറ്റിലെ ഏറ്റവും വലിയ ടൂറിസ്റ്റ്, റെസിഡൻഷ്യൽ പ്രദേശമാണ് ജുമൈറ. അവിടെ ലോകനിലവാരത്തിലുള്ള കൂളിങ് സേവനങ്ങൾ നൽകുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

