പ്രഥമ ഉമ്മൻ ചാണ്ടി പുരസ്കാരം സി.ആർ. മഹേഷ് എം.എൽ.എക്ക് സമ്മാനിച്ചു
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ ‘ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം’ കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷിന് സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനിക്കുന്നു
റിയാദ്/തിരുവനന്തപുരം: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ ‘ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം’ കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷിന് സമ്മാനിച്ചു.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയവും പൊതുസേവന മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനായി, സമൂഹത്തിന് മാതൃകാപരമായ സംഭാവനകൾ നൽകുന്ന ജനപ്രതിനിധികളെ ആദരിക്കുന്നതിനായാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പുരസ്കാരം സമ്മാനിക്കുകയും അനുമോദന സമ്മേളനത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പുരസ്കാര ജേതാവിെൻറ പേര് ചാണ്ടി ഉമ്മൻ എം.എൽ.എ പ്രഖ്യാപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലീം, സി. ഹരിദാസ്, സോണി സെബാസ്റ്റ്യൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. കരുനാഗപ്പള്ളി മണ്ഡലത്തിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളും മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള സാമൂഹിക തിന്മകൾക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളും സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങളുടെ ശാക്തീകരണത്തിനായി നടപ്പാക്കിയ വിവിധ പദ്ധതികളും പരിഗണിച്ചാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു.
ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, പി.എ. സലീം, ബാലകൃഷ്ണൻ പെരിയ, ഒ.ഐ.സി.സി നേതാക്കളായ അബ്ദുല്ല വല്ലാഞ്ചിറ, മുഹമ്മദലി മണ്ണാർക്കാട്, അമീർ പട്ടണത്ത്, സക്കീർ ദാനത്ത്, യഹിയ കൊടുങ്ങല്ലൂർ, സലീം അർത്തിയിൽ, ഹക്കീം പട്ടാമ്പി, ജോൺസൺ മാർക്കോസ്, നാസർ വലപ്പാട്, നസീർ ഹനീഫ കൊല്ലം എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിഷാദ് ആലങ്കോട് സ്വാഗതവും സെക്രട്ടറി റഫീഖ് വെമ്പായം നന്ദിയും പറഞ്ഞു.
അശ്റഫ് വടക്കേവിള, ടി.കെ. അശ്റഫ് പൊന്നാനി, അയ്യൂബ് ഖാൻ, ജലാൽ മൈനാഗപ്പള്ളി, ഇസ്മാഈൽ എരുമേലി, കെ.എം. നൗഷാദ്, അനീഷ് കുരിശിങ്കൽ, കെ.കെ. തോമസ്, എസ്.പി. ഷാനവാസ്, സക്കീർ ആലുവ, അബ്ദുല്ല കൊറളായി തുടങ്ങിയ നേതാക്കളും മുൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

