സ്കൂളുകളിൽ നാളെ ഫസ്റ്റ്ബെൽ; ഈ വർഷം മുതൽ പാഠ്യപദ്ധതിയിൽ നിർമിത ബുദ്ധിയും
text_fieldsദുബൈ: രണ്ടു മാസത്തെ വേനലവധിക്കുശേഷം യു.എ.ഇയിൽ പുതിയ അധ്യയന വർഷത്തിന് തിങ്കളാഴ്ച തുടക്കമാവും. 12ാം ക്ലാസുവരെ 10 ലക്ഷത്തിലധികം കുട്ടികളാണ് തിങ്കളാഴ്ച സ്കൂളുകളിലെത്തുക. വിദ്യാർഥികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സുരക്ഷ ക്രമീകരണങ്ങളും അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്.
അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോയ മലയാളികൾ ഉൾപ്പെടെയുള്ളവരിൽ ഭൂരിഭാഗവും തിരികെയെത്തിക്കഴിഞ്ഞു. ഇത്തവണ ചെറിയ ക്ലാസുകൾ മുതൽ നിർമിത ബുദ്ധി (എ.ഐ)യും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. എ.ഐ പഠിപ്പിക്കാൻ 1000ത്തിലധികം വിദഗ്ധരായ അധ്യാപകരെയാണ് പുതുതായി നിയമിച്ചിരിക്കുന്നത്. ആദ്യ ദിനം കുട്ടികളുടെ സുരക്ഷ ശക്തമാക്കുന്നതിനായി ആഗസ്റ്റ് 25 അപകട രഹിത ദിനമായി ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്ത ശേഷം ആ ദിവസം അപകടമില്ലാതെ വാഹനമോടിച്ചാൽ ലൈസൻസിലെ നാല് ബ്ലാക്ക് പോയന്റുകൾ വരെ കുറക്കാനുള്ള അവസരമാണിത്. സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനയും ഡ്രൈവർമാർക്കും ആയമാർക്കുമുള്ള പരിശീലന പരിപാടികളും പൂർത്തിയായി. നവാഗതരെ സ്വീകരിക്കാനായി പ്രത്യേക പരിപാടികളാണ് സ്കൂളുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പുതിയ അക്കാദമിക വർഷം മുതൽ രണ്ടാം പാദപരീക്ഷ ഒഴിവാക്കാനും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇനി മുതൽ ഒന്നും മൂന്നും സെമസ്റ്ററുകളിൽ മാത്രമേ കേന്ദ്രീകൃത പരീക്ഷകൾ നടത്തുകയുള്ളൂ. അഞ്ചുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പുതിയ നയം ബാധകമാണ്.
പരമ്പരാഗത പരീക്ഷകളുടെ സമ്മർദം കുറക്കുന്നതിനൊപ്പം കുട്ടികളുടെ വിമർശന ചിന്തയും വിശകലന പാടവവും ശക്തിപ്പെടുത്തുന്ന രീതിയിൽ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമാണ് നടപടി. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ 520 സ്കൂളുകളിലായി 2,80,000 കുട്ടികൾ പഠിക്കുന്നുണ്ട്.പുതുതായി കാൽലക്ഷത്തോളം വിദ്യാർഥികൾ സ്കൂളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. 800ലധികം പുതിയ അധ്യാപകരും ഇത്തവണ സ്കൂളുകളിലെത്തും.ഏകദേശം 47,000 ലാപ്ടോപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്. 10 ദശലക്ഷത്തിലധികം പാഠപുസ്തകങ്ങൾ അച്ചടിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിരുന്നു. റോഡുകളിൽ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ വിദ്യാർഥികൾ നേരത്തെ ഇറങ്ങാൻ ശ്രമിക്കണം. സ്കൂൾ ബസ് ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് പൊലീസ് അറിയിച്ചു.
സ്കൂൾ സമയമാറ്റം വാർത്ത നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം
ദുബൈ: പുതിയ അധ്യയന വർഷം മുതൽ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടായേക്കുമെന്ന വാർത്തകൾ നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം.കിന്റർഗാർട്ടൻ മുതൽ ഏതെങ്കിലും ക്ലാസുകളിൽ സമയം മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്.
ഔദ്യോഗിക മാധ്യമങ്ങൾ വഴി ഇതു സംബന്ധിച്ച ഒരു വാർത്തയും പുറത്തുവിട്ടിട്ടില്ല. കൃത്യവും വിശ്വസനീയമവുമായ വിവരങ്ങൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

