കെട്ടിടങ്ങളിലെ തീപിടിത്തം കുറഞ്ഞു
text_fieldsദുബൈ: രാജ്യത്ത് ഈ വർഷം ആദ്യ ആറു മാസങ്ങളിൽ തീപിടിത്തം കുറഞ്ഞതായി ആഭ്യന്തരമന്ത്രാലയം.കഴിഞ്ഞ മൂന്നു വർഷങ്ങളെ അപേക്ഷിച്ച് 46 ശതമാനത്തിെൻറ കുറവാണെന്ന് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. തീപിടിത്തംമൂലമുള്ള മരണത്തിലും ഈ വർഷം കുറവുണ്ട്. 62 ശതമാനം കുറവാണ് മരണത്തിൽ രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരി മുതൽ ജൂൺ 30വരെയുള്ള കണക്കുകൾ അവലംബമാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
തീപിടിത്തവും മരണവും കുറഞ്ഞത് അഗ്നിപ്രതിരോധ- സുരക്ഷാ സംവിധാനങ്ങളുടെയും താമസക്കാരിൽ ബോധവത്കരണം സജീവമാക്കിയതിെൻറയും ഫലമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വീടുകളിലും കെട്ടിടങ്ങളിലും സ്മാർട്ട് ഫയർ അലാറ സംവിധാനം സ്ഥാപിച്ചതും ഗുണംചെയ്തു. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 26,065 വീടുകളിൽ സ്മാർട്ട് സംവിധാനം സ്ഥാപിച്ചു. 2018ൽ സിവിൽ ഡിഫൻസ് വിഭാഗമാണ് 'ഹസൻതക്' എന്ന സ്മാർട്ട് അലാറം സംവിധാനം സ്ഥാപിക്കാൻ ആരംഭിച്ചത്. സിവിൽ ഡിഫൻസ് വിഭാഗം തീപിടിത്ത സ്ഥലങ്ങളിൽ എത്താനെടുക്കുന്ന ശരാശരി സമയം 6.07 മിനിറ്റാണെന്ന് മേജർ ജനറൽ ജാസിം മുഹമ്മദ് അൽ മർസൂഖി പറഞ്ഞു.
അപകടസ്ഥലങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ ഇത് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിക്ക തീപിടിത്തങ്ങൾക്കും കാരണം ഗുണനിലവാരമില്ലാത്ത വയറിങ്ങും ഓവർലോഡ് പ്ലഗ് പോയൻറുകളുമാണെന്നും അധികൃതർ അഭിപ്രായപ്പെടുന്നു. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കൃത്യമായ ഇടവേളകളിലെ പരിശോധനയും പുതുക്കലും തീപിടിത്തം തടയാൻ അനിവാര്യമാണെന്നും സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.
പ്രധാനമായും വേനൽക്കാലങ്ങളിലാണ് യു.എ.ഇയിൽ തീപിടിത്തം വർധിക്കാറുള്ളത്. ഇത്തവണ പൊതുവെ വേനൽക്കാല തീപിടിത്തങ്ങൾ കുറഞ്ഞു.
അബൂദബിയിലും മറ്റുമുള്ള വലിയ തീപിടിത്തം പെട്ടെന്ന് കൂടുതൽ അപകടങ്ങൾക്ക് കാരണമാകാതെ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് വിഭാഗത്തിന് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

