ഷാർജയിൽ തീപിടിത്തം; ആർക്കും പരിക്കില്ല
text_fieldsഷാർജ: എമിറേറ്റിലെ ഇൻഡസ്ട്രിയൽ ഏരിയ 6ൽ ബുധനാഴ്ച രാവിലെ തീപിടിത്തം. അതിവേഗം നടപടി സ്വീകരിച്ച ഷാർജ സിവിൽ ഡിഫൻസ് അംഗങ്ങൾ തീയണച്ചതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രാവിലെ പത്തിന് മുമ്പായാണ് തീപിടിത്തമുണ്ടായത്. തുടർന്ന് സുരക്ഷ പരിഗണിച്ച് പൊലീസ് പ്രദേശത്തേക്കുള്ള റോഡിലേക്ക് ഗതാഗതം നിയന്ത്രിച്ചു. അതിവേഗത്തിൽ സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീയണക്കാനും ആരംഭിക്കുകയായിരുന്നു. സ്പെയർപാർട്സ്, ഫർണിച്ചർ ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും നാശനഷ്ടത്തിന്റെ കണക്ക് രേഖപ്പെടുത്താനും സ്ഥലം വിദഗ്ധസംഘത്തിന് കൈമാറിയിരിക്കുകയാണ്.
ഈ മാസം ആദ്യത്തിൽ ഷാർജയിലെ അൽഹംരിയ തുറമുഖത്ത് വെയർഹൗസിൽ വലിയ തീപിടിത്തമുണ്ടായിരുന്നു. ഷാർജ സിവിൽ ഡിഫൻസിനൊപ്പം, പൊലീസും നാഷനൽ ഗാർഡും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി 24 മണിക്കൂറിനു ശേഷമാണ് തീ പൂർണമായി അണച്ചത്. വേനൽ കനത്തതോടെ വിവിധ സ്ഥലങ്ങളിൽ തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അൽ സജാ പ്രദേശത്ത് പെട്രോ കെമിക്കൽ, ഫൈബർ ഗ്ലാസ് വസ്തുക്കൾ സൂക്ഷിച്ച സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു.സമാനമായ അപകടങ്ങൾ ശ്രദ്ധയിൽപെടുന്നവർ 997 എന്ന നമ്പറിലേക്ക് അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചകൾക്കുമുമ്പ് ഷാർജയിലെ അൽനഹ്ദയിലുണ്ടായ വലിയ തീപിടിത്തത്തിൽ അഞ്ച് താമസക്കാർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

