ദുബൈ മറീനയിലെ കെട്ടിടത്തിൽ തീപിടിത്തം; താമസക്കാരെ സുരക്ഷിതരാക്കി തീയണച്ചു
text_fieldsദുബൈ മറീനയിൽ ബഹുനില കെട്ടിടത്തിലെ തീപിടിത്തം അണക്കുന്ന സിവിൽ ഡിഫൻസ്
ദുബൈ: നഗരത്തിലെ പ്രധാന മേഖലകളിലൊന്നായ ദുബൈ മറീനയിൽ ബഹുനില കെട്ടിടത്തിൽ വെള്ളിയാഴ്ച രാത്രി വൻ തീപിടിത്തം. 67 നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് ദുബൈ മീഡിയ ഓഫിസ് വെളിപ്പെടുത്തി. തീപിടിത്തം റിപ്പോർട്ട് ചെയ്ത ഉടനെ അതിവേഗത്തിൽ സംഭവ സ്ഥലത്തെത്തിയ അധികൃതർ താമസക്കാരെ സുരക്ഷിതരാക്കി തീയണക്കാൻ നടപടി സ്വീകരിച്ചു.
ദുബൈ സിവിൽ ഡിഫൻസ് ടീമംഗങ്ങൾ ആറുമണിക്കൂർ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണഞ്ഞത്. കെട്ടിടത്തിലെ 764 അപ്പാർട്മെന്റുകളിലായി താമസിച്ചിരുന്ന 3820പേരെ പ്രത്യേക സേനാംഗങ്ങൾ അതിവേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ശനിയാഴ്ച പുലർച്ചയോടെ കെട്ടിടത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് ദുബൈ മീഡിയ ഓഫിസ് വ്യക്തമാക്കിയിരുന്നു. തീപിടിത്തം മൂലം പ്രയാസത്തിലായ താമസക്കാരെ താൽക്കാലിക സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് അധികൃതർ കെട്ടിട ഉടമകളുമായി സഹകരിച്ച് നടപടി സ്വീകരിച്ചുവരുന്നുണ്ട്. താമസക്കാരുടെ സുരക്ഷയും ക്ഷേമത്തിനുമാണ് മുൻഗണനയെന്നും അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെയും കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽനിന്ന് പുകച്ചുരുളുകൾ ഉയരുന്നത് കാണാമായിരുന്നു. എന്നാലിത് കൂളിങ് ഓപറേഷന്റെ ഭാഗമായുള്ളതാണെന്നും പൂർണമായും തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായും അധികൃതർ പിന്നീട് വെളിപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തേ 2015ൽ ഇതേ കെട്ടിടത്തിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
47ാം നിലയിലെ അപ്പാർട്മെന്റിലെ കിച്ചണിലാണ് അന്ന് തീപിടിത്തുമുണ്ടായത്.രാജ്യത്താകമാനം ചൂട് വർധിച്ചതോടെ തീപിടിത്ത സംഭവങ്ങൾ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഷാർജയിലെ അൽഹംരിയ തുറമുഖത്ത് വെയർഹൗസിൽ അഗ്നിബാധ റിപ്പോർട്ട് ചെയ്തിരുന്നു. അതിനു മുമ്പ് അൽ സജാ പ്രദേശത്ത് പെട്രോ കെമിക്കൽ, ഫൈബർ ഗ്ലാസ് വസ്തുക്കൾ സൂക്ഷിച്ച സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു.
കഴിഞ്ഞ മാസം ഷാർജയിലെ അൽനഹ്ദയിലുണ്ടായ വലിയ തീപിടിത്തത്തിൽ അഞ്ചു താമസക്കാർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീപിടിത്ത സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന പരിശോധന നടപടികളുമായി അധികൃതർ രംഗത്തുണ്ട്.
ദുബൈ ട്രാം സർവിസ് ഭാഗികമായി നിർത്തി
ദുബൈ: മറീനയിലെ ബഹുനില കെട്ടിടത്തിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ദുബൈ മറീന സ്റ്റേഷനും (നമ്പര്‍ 5) പാം ജുമൈറ സ്റ്റേഷനും (നമ്പര്‍ 9) ഇടയിലുള്ള ദുബൈ ട്രാം സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആര്.ടി.എ) ശനിയാഴ്ച അറിയിച്ചു. യാത്രക്കാരുടെയും ഓപറേഷൻ സ്റ്റാഫിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രദേശത്ത് നടക്കുന്ന അഗ്നിശമന, പുനരധിവാസ ശ്രമങ്ങളെ സഹായിക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയാണിതെന്ന് ആർ.ടി.എ വ്യക്തമാക്കി.
ഈ സ്റ്റേഷനുകൾക്കിടയിൽ അതോറിറ്റി പകരം ഷട്ടിൽ ബസ് സർവിസ് സജീവമാക്കിയിട്ടുണ്ട്. ബാക്കിയുള്ള സ്റ്റേഷനുകൾക്കിടയിൽ ട്രാം സർവിസുകൾ പൂർണമായും പ്രവർത്തിക്കുന്നുണ്ട്. സമഗ്രമായ സുരക്ഷ പരിശോധനകൾ പൂർത്തിയാക്കിയതിനുശേഷം മാത്രമേ ഈ സ്റ്റേഷനുകൾക്കിടയിലുള്ള ട്രാം പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ എന്ന് ആർ.ടി.എ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

