റാക് നിര്‍മാണശാലയിൽ തീപിടിത്തം; നിയന്ത്രണവിധേയമാ ക്കിയതില്‍ ആശ്വാസം
text_fieldsറാക് അല്‍ ഹുലൈലയിലെ ഫാക്ടറിയിലെ അഗ്നിബാധയെത്തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനം
റാസല്‍ഖൈമ: റാക് അല്‍ ഹുലൈല മേഖലയിലെ നിര്‍മാണശാലയിലുണ്ടായ ഭീതിപ്പെടുത്തിയ തീപിടിത്തം ആളപായമില്ലാതെ നിയന്ത്രണ വിധേയമാക്കിയ ആശ്വാസത്തില്‍ അധികൃതര്‍. വ്യാഴാഴ്ച വൈകീട്ട് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തയുടന്‍ അതിവേഗത്തിലുള്ള സേവനമാണ് ലഭ്യമാക്കിയതെന്ന് റാക് പൊലീസ് മേധാവിയും പ്രാദേശിക എമര്‍ജന്‍സി-ക്രൈസിസ് ആൻഡ് ഡിസാസ്റ്റര്‍ ടീം മേധാവിയുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി വ്യക്തമാക്കി.
പ്രാദേശിക-ഫെഡറല്‍ നേതൃത്വവുമായി സഹകരിച്ച് റാസല്‍ഖൈമയിലെ ദുരന്ത നിവാരണ സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. അഞ്ച് മണിക്കൂറോളം നീണ്ട തീവ്ര പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ഫീല്‍ഡ് ടീമുകളുടെ പ്രവര്‍ത്തന വേഗവും മികച്ച ഏകോപനവും തീ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സുസജ്ജമായ സാങ്കേതിക ടീമുകളോടൊപ്പം 16ലേറെ ഫെഡറല്‍-തദ്ദേശ സ്ഥാപനങ്ങള്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായി. പ്രതിരോധ മന്ത്രാലയം ജോയിന്റ് സപ്പോര്‍ട്ട് കമാന്‍ഡ് (ഫയര്‍ കമാന്‍ഡ്), നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി റാക് സെന്റര്‍, നാഷനല്‍ ഗാര്‍ഡ്, ആംബുലന്‍സ് ആൻഡ് റെസ്ക്യു സെര്‍ച്ച് ആൻഡ് റെസ്ക്യു സെന്റര്‍, നാഷനല്‍ ഗാര്‍ഡ് കമാന്‍ഡ് നാഷനല്‍ ആംബുലന്‍സ്, റാക് പൊലീസ് ജനറല്‍ കമാന്‍ഡ്, ദുബൈ, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാക് എമിറേറ്റുകളില്‍നിന്നുള്ള അഗ്നിശമന വിഭാഗം, റാക് മുനിസിപ്പാലിറ്റി, ഫെഡറല്‍ വാട്ടര്‍ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി, റാക് തുറമുഖ അതോറിറ്റി, സഖര്‍ തുറമുഖ അതോറിറ്റി, എമിറേറ്റ്സ് റെഡ് ക്രസന്റ്, പബ്ലിക് സര്‍വിസസ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയവരുടെ സംയോജിത രക്ഷാ പ്രവര്‍ത്തനം സമീപ ഫാക്ടറി-വെയര്‍ഹൗസുകളിലേക്ക് തീപടരുന്നത് തടയുന്നതിനും ഫീല്‍ഡ് ടാസ്കുകള് വിജയകരമായി നടപ്പാക്കുന്നതിനും സഹായിച്ചു.
തീ നിയന്ത്രണവിധേയമായതോടെ ലബോറട്ടറി-ഫോറന്‍സിക് സാങ്കേതിക വിദഗ്ധ സംഘം സംഭവ സ്ഥലത്ത് തെളിവെടുപ്പുകള്‍ ആരംഭിച്ചു. ഇവിടെനിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ വിശകലനം ചെയ്യുന്ന സംഘം തീപിടിത്ത കാരണം നിര്‍ണയിക്കുകയും നിര്‍മാണശാലക്ക് നേരിട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്യും. രക്ഷാദൗത്യത്തിലേര്പ്പെട്ടവര്ക്കും സമീപവാസികള്‍ക്കും റാക് പൊലീസ് മേധാവി അലി അബ്ദുല്ല നന്ദി പ്രകാശിപ്പിച്ചു. വന്‍ അഗ്നിബാധ വിജയകരമായി നിയന്ത്രണ വിധേയമാക്കിയതിലൂടെ അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും റാസല്‍ഖൈമയുടെ ഉയര്‍ന്ന പ്രതികരണ ശേഷിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

