ഷാർജയിൽ വസ്ത്ര വെയർഹൗസിൽ തീപ്പിടുത്തം
text_fieldsഷാർജയിൽ വസ്ത്ര വെയർഹൗസിലുണ്ടായ തീപ്പിടുത്തം അണയ്ക്കുന്ന രക്ഷാപ്രവർത്തകർ
ഷാർജ: അൽ ഹംരിയയിലെ ഫ്രീസോണിൽ പ്രവർത്തിക്കുന്ന തുണിത്തരങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസിൽ തീപ്പിടുത്തം. വെള്ളിയാഴ്ച രാത്രിയുണ്ടായ തീപ്പിടുത്തം വിജയകരമായി നിയന്ത്രണവിധേയമാക്കിയതായി ഷാർജയിലെ അടിയന്തിര, ദുരന്ത നിവാരണ സംഘം ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വളരെ വേഗത്തിലും കാര്യക്ഷമവുമായി നടന്ന രക്ഷാപ്രവർത്തനം തീപ്പിടുത്തം തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലേക്ക് പടരുന്നത് തടഞ്ഞതായും നാശനഷ്ടങ്ങളുടെ തോത് കുറഞ്ഞതായും അടിയന്തിര സംഘത്തിന്‍റെ മേധാവിയും ഓപറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് കേന്ദ്രം ഡയറക്ടർ ജനറലുമായ ബ്രി. ഉമർ അൽ ഗസൽ വ്യക്തമാക്കി. ദുബൈ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണക്കുന്നതിന് രംഗത്തുണ്ടായിരുന്നു. റെക്കോർഡ് സമയത്തിനകമാണ് രക്ഷാപ്രവർത്തനം പൂർത്തിയായതെന്നും അധികൃതർ വെളിപ്പെടുത്തി.
വിവിധ വകുപ്പുകളുടെയും ഫീൽഡ് ടീമംഗങ്ങളുടെയും മികച്ച സഹകരണത്തിലൂടെയാണ് അതിവേഗത്തിൽ തീയണക്കാൻ സാധിച്ചത്. അഗ്നിബാധ പൂർണമായും അണച്ചശേഷം കൂളിങ് ഓപറേഷൻ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം തീപ്പിടുത്തത്തിന്‍റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ദുബൈ സിവിൽ ഡിഫൻസ്, അജ്മാൻ സിവിൽ ഡിഫൻസ്, ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ്, ഫുജൈറ സിവിൽ ഡിഫൻസ്, ഷാർജ മുനിസിപ്പാലിറ്റി, അൽ ഹംരിയ മുനിസിപ്പാലിറ്റി, ഫ്രീ സോൺ, അൽ മർവാൻ കമ്പനി എന്നിവയുടെ രക്ഷാപ്രവർത്തനത്തിലെ സഹകരണത്തിന് അടിയന്തര സംഘം നന്ദിയും അഭിനന്ദനവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

