അബൂദബി അല്‍ വത്ബയില്‍ മാലിന്യ ശേഖരണ കേന്ദ്രത്തിലെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി
text_fieldsഅബൂദബി: അബൂദബിയിലെ അല്‍ വത്ബ മേഖലയിലുള്ള മാലിന്യ ശേഖരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം അധികൃതര്‍ നിയന്ത്രണ വിധേയമാക്കി. ബുധനാഴ്ച ഉച്ചയോടെയാണ് ഇവിടെ തീപിടിത്തമുണ്ടായത്. തുടര്‍ന്ന് അബൂദബി പൊലീസും സിവില്‍ ഡിഫറന്‍സ് അതോറിറ്റിയും ചേര്‍ന്ന് അടിയന്തരമായി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു.
നിലവില്‍ കൂളിങ് ഓപറേഷനുകളും പുക നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ തേടണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അബൂദബി പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. സെപ്റ്റംബർ തുടക്കത്തിലും സമാന രീതിയില്‍ അബൂദബിയില്‍ തീപിടിത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്റ്റംബര്‍ എട്ടിന് മുസഫ ഐക്കാഡ് 3 മേഖലയിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടിത്തം അധികൃതര്‍ നിയന്ത്രണ വിധേയമാക്കിയിരുന്നു. സെപ്റ്റംബര്‍ ഏഴിന് അല്‍ ബഹിയ മേഖലയിലെ ഫാമിലുണ്ടായ തീപിടിത്തവും അധികൃതര്‍ ഇടപെട്ട് അണച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ആര്‍ക്കും പരിക്കു പറ്റിയിട്ടില്ല. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

