ദുബൈ സ്പോർട്സ് സിറ്റിയിലെ താമസകെട്ടിടത്തിൽ തീപിടിത്തം
text_fieldsതീപിടിത്തമുണ്ടായ ദുബൈ സ്പോർട്സ് സിറ്റിയിലെ
താമസകെട്ടിടം
ദുബൈ: ദുബൈ സ്പോർട്സ് സിറ്റിയിലെ താമസകെട്ടിടത്തിൽ വൻ തീപിടിത്തം. തിങ്കളാഴ്ച പുലർച്ച നാലോടെയാണ് എലൈറ്റ് 6 കെട്ടിടത്തിന്റെ മുകൾനിലയിൽ തീപിടിച്ചത്. ദുബൈ സിവിൽ ഡിഫൻസ് ഓപറേഷൻ റൂമിൽ പുലർച്ച 4.06നാണ് വിവരം ലഭിച്ചത്. തുടർന്ന് അൽ ബർഷ ഫയർ സ്റ്റേഷനിൽനിന്ന് എമർജൻസി ടീം എത്തുകയും തീ അണക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. സഹായത്തിനായി ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക് സ്റ്റേഷനിൽനിന്നും ജബൽ അലി ഫയർ സ്റ്റേഷനിൽനിന്നും ഓരോ യൂനിറ്റുകൾകൂടി എത്തിയതോടെ 5.23ഓടെ തീ നിയന്ത്രണവിധേയമാക്കാനായതായി ഫയർഫോഴ്സ് കമാൻഡർ അറിയിച്ചു. രാവിലെ 6.38ഓടെ പൂർണമായി അണക്കാനായി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. കെട്ടിടത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു.

