അബൂദബി എയർപോർട്ട് റോഡിലെ കെട്ടിടത്തിൽ തീപിടിത്തം
text_fieldsഅബൂദബി എയർപോർട്ട് റോഡിലെ കെട്ടിടത്തിലുണ്ടായ അഗ്നിബാധ
അബൂദബി: എയർപോർട്ട് റോഡിലെ ഒമ്പതുനിലയുള്ള പഴയ കെട്ടിടത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ വൻ അഗ്നിബാധ. യൂനിവേഴ്സൽ ആശുപത്രിക്കു സമീപത്തെ കെട്ടിടത്തിലെ അഗ്നിബാധയിൽ ആളപായമൊന്നും ഉണ്ടായില്ലെങ്കിലും കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചു. താഴെ നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്റാറൻറിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
മൂന്നു ദിവസത്തിനിടെ അബൂദബി നഗരത്തിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ രണ്ടാമത്തെ അഗ്നിബാധയാണ്. അബൂദബി സിവിൽ ഡിഫൻസും അബൂദബി പൊലീസും സംഭവസ്ഥലത്തെത്തി കെട്ടിടത്തിലെ ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. താഴത്തെ നിലയിൽനിന്ന് കറുത്ത പുക സമീപ ഭാഗങ്ങളിലേക്ക് ഉയർന്നു.
തൊട്ടടുത്ത സിവിൽ ഡിഫൻസ് സ്റ്റേഷനിൽനിന്ന് അഗ്നിശമനസേനാ വാഹനങ്ങൾ സ്ഥലത്തെത്തിയാണ് പ്രതിരോധ ജോലികൾ വിജയകരമായി പൂർത്തീകരിച്ചത്.വെള്ളിയാഴ്ച അബൂദബി നഗരത്തിലെ അൽ നഹ്യാൻ ക്യാമ്പിനു സമീപത്തെ മറ്റൊരു കെട്ടിടത്തിലും വൻ തീപിടിത്തം ഉണ്ടായിരുന്നു.