ബാല്‍ക്കണികൾ വൃത്തികേടാക്കിയാൽ പിഴ
text_fieldsഅബൂദബി: പൊതുഭംഗിക്കു കോട്ടംതട്ടും വിധം കെട്ടിടത്തിന്റെ മേല്‍ക്കൂരകളിലും ബാല്‍ക്കണികളിലും സാധനങ്ങള്‍ സൂക്ഷിക്കുകയോ ശേഖരിക്കുകയോ ചെയ്താല്‍ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി അബൂദബി. നിയമലംഘകര്‍ക്ക് 500 ദിര്‍ഹമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക 1000 ദിര്‍ഹമായി ഉയര്‍ത്തും. മൂന്നാം തവണ മുതലുള്ള നിയമലംഘനങ്ങള്‍ക്ക് 2000 ദിര്‍ഹം വീതമായിരിക്കും പിഴ.
നഗരഭംഗി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബി വിവിധ നിയമലംഘനങ്ങളും അവക്കെതിരായ പിഴത്തുകകളും അടുത്തിടെ അവതരിപ്പിച്ചിരുന്നു. അംഗീകാരമില്ലാതെ കെട്ടിടങ്ങള്‍ക്കു നടത്തുന്ന പരിഷ്കാരങ്ങള്‍ക്ക് 4000 ദിര്‍ഹം വരെയാണ് പിഴ. വൃത്തിഹീനമായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ നിര്‍ത്തിയിട്ടു പോവുന്നതും 4000 ദിര്‍ഹം വരെ പിഴ ചുമത്താവുന്ന കുറ്റമാണ്.
പൊതുഭംഗിക്കു കോട്ടം വരുത്തും വിധം വാഹനഭാഗങ്ങള്‍ ഉപേക്ഷിച്ചുപോവുന്നതിന് 1000 ദിര്‍ഹമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക 2000 ദിര്‍ഹമായി ഉയരും. മൂന്നാം തവണത്തെ നിയമലംഘനത്തിന് നാലായിരം ദിര്‍ഹമാണ് പിഴ ചുമത്തുക. വാഹനങ്ങള്‍ നിരത്തുകളില്‍ ഉപേക്ഷിക്കുന്ന പ്രവണതക്കെതിരെ അധികൃതര്‍ നേരത്തേ ബോധവത്കരണ കാമ്പയിനുകള്‍ നടത്തിയിരുന്നു. വേനല്‍ക്കാലങ്ങളില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്കു മുകളില്‍ പൊടിപിടിച്ചുകിടക്കാനുള്ള സാധ്യത കൂടുതലാണെന്നും ആയതിനാല്‍ താമസക്കാര്‍ തങ്ങളുടെ വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

