നിയമവിരുദ്ധ ഓൺലൈൻ ഉള്ളടക്കത്തിന് ഒരു കോടി ദിർഹം വരെ പിഴ
text_fieldsദുബൈ: നിയമവിരുദ്ധമായ ഓൺലൈൻ ഉള്ളടക്കം സൂക്ഷിച്ചാലും പങ്കുവെച്ചാലും ഒരു കോടി ദിർഹം വരെ പിഴ. ഇത്തരം സംഭവങ്ങളിൽ കുറഞ്ഞത് മൂന്ന് ലക്ഷമാണ് പിഴയെന്നും യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഫെഡറൽ നിയമത്തിലെ ആർടിക്ൾ 53 അനുസരിച്ചാണ് അഭ്യൂഹങ്ങളും വ്യാജവാർത്തകളും മറ്റു ഇ-ക്രൈമുകളും തടയുന്നതിന് കനത്ത പിഴ ഈടാക്കാൻ തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് പിഴ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകിയത്.
നിയമവിരുദ്ധമായ ഉള്ളടക്കം സൂക്ഷിക്കാനും പങ്കുവെക്കാനും പ്രസിദ്ധീകരിക്കാനും വെബ്സൈറ്റോ ഓൺലൈൻ അക്കൗണ്ടോ ഉപയോഗിക്കുന്ന ഏതൊരാൾക്കും ഔദ്യോഗിക ഉത്തരവുകളിൽ വ്യക്തമാക്കിയ കാലയളവിനുള്ളിൽ അത്തരം മെറ്റീരിയലുകൾ ഒഴിവാക്കാൻ വിസമ്മതിക്കുന്നവർക്കും പിഴ ചുമത്തപ്പെടും. തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പരത്തി സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും മയക്കുമരുന്ന് അടക്കമുള്ളവ വിൽപന നടത്തുകയും ചെയ്യുന്നവരെ നിയന്ത്രിക്കാനാണ് കടുത്ത പിഴ ഈടാക്കാൻ തീരുമാനിച്ചത്.
കോവിഡ് കാലത്ത് ഓൺലൈൻ ഇടപാടുകൾ വർധിച്ചപ്പോൾ നിരവധി കുറ്റകൃത്യങ്ങളും കൂടിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഓൺലൈൻ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും തടയുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

