സാമ്പത്തിക കുതിപ്പിന്റെ പുതുവർഷം
text_fieldsദുബൈ: യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക വർഷമായിരിക്കും ഇതെന്നാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിക്കപ്പെട്ടതും ഇന്നലെ തുടങ്ങിയ പുതുസാമ്പത്തിക വർഷത്തിൽ നടപ്പാക്കാൻ പോകുന്നതുമായ പദ്ധതികൾ മുൻകൂട്ടിക്കണ്ടാണ് ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം. പുതുവർഷത്തിൽ നടപ്പാക്കാൻ ആലോചിക്കുന്ന പദ്ധതികൾ വിരൽചൂണ്ടുന്നതും ഈ ലക്ഷ്യത്തിലേക്കാണ്.
ഇന്ത്യക്ക് പിന്നാലെ മൂന്ന് രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഒപ്പുവെച്ചത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ്. വരും വർഷം കൂടുതൽ രാജ്യങ്ങളുമായി കരാർ ഒപ്പുവെക്കുന്നതിനെ കുറിച്ച് ചർച്ച തുടരുകയാണ്. സ്വതന്ത്ര വ്യാപാര കരാറുകളെ കുറിച്ചും ചർച്ച നടക്കുന്നുണ്ട്. സെപ കരാർ ഒപ്പുവെച്ച രാജ്യങ്ങളുമായുള്ള വ്യാപാരം നിരീക്ഷിച്ച് വരുകയാണ്. എണ്ണയിതര വ്യാപാര മേഖലക്കാണ് രാജ്യം കൂടുതൽ ഊന്നൽ നൽകുന്നത്. സെപ കരാർ വഴി എണ്ണയിതര മേഖലക്കാണ് നേട്ടമുണ്ടാകുന്നത്. പുതുതലമുറയെയും ഭരണത്തിന്റെ തലപ്പത്ത് എത്തിച്ചത് ബിസിനസ് രംഗത്തും ഉണർവ് പകരും.
അടുത്ത ഏഴ് വർഷത്തിനുള്ളിൽ യു.എ.ഇയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള പുനർകയറ്റുമതി (റി എക്സ്പോർട്ട്) ഇരട്ടിയാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. യു.എ.ഇയിൽ നിന്നുള്ള വിദേശവ്യാപാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുനർകയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നത്.
ഇതിനായി 24 ഇന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന യു.എ.ഇയുടെ 50 വാണിജ്യ ഓഫിസുകളുടെ സേവനം പ്രയോജനപ്പെടുത്തും. യു.എ.ഇയുടെ എണ്ണയിതര വിദേശവ്യാപാരം 2.23 ട്രില്യൺ കടന്നത് കഴിഞ്ഞ വർഷമാണ്. പുനർകയറ്റുമതിക്ക് ഇതിൽ വലിയ പങ്കുണ്ടായിരുന്നു. എണ്ണയിതര വ്യാപാരത്തിൽ 27.5 ശതമാനവും പുനർകയറ്റുമതിയായിരുന്നു. 2015ൽ ഇത് 26.9 ശതമാനമായിരുന്നു. സ്മാർട് ഫോൺ, വജ്രം, വാഹന സ്പെയർ പാർട്സ്, ആഭരണങ്ങൾ തുടങ്ങിയ ഇതിൽ ഉൾപെടുന്നു.
നൈപുണ്യമുള്ളവരുടെ ആഗോള തലസ്ഥാനമാക്കി യു.എ.ഇയെ മാറ്റുക എന്ന ലക്ഷ്യത്തോടെ 19 പദ്ധതികളാണ് നടപ്പാക്കുന്നത്. നൈപൂണ്യമുള്ളവർ കൂടുതൽ രാജ്യത്ത് തമ്പടിക്കുന്നതും വ്യാപാര രംഗത്ത് ചലനങ്ങളുണ്ടാക്കും. ഗോൾഡൻ വിസ വ്യാപകമായി നൽകുന്നതോടെ രാജ്യത്ത് നിക്ഷേപകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പുതിയ ഫെഡറൽ നിയമ മാറ്റങ്ങളും വ്യാപാര മേഖലക്ക് കരുത്ത് പകരുന്നതാണ്. വിവിധ അന്താരാഷ്ട്ര മേളകളും സമ്മേളനങ്ങളും ഈ വർഷം നടക്കുന്നതും യു.എ.ഇയുടെ സാമ്പത്തിക മേഖലക്ക് കരുത്ത് പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

