വിദേശ രാജ്യങ്ങളിലെ 400 പേർക്ക് ഹജ്ജിന് ധനസഹായം
text_fieldsവാർത്തസമ്മേളനത്തിൽ യു.എ.ഇ പ്രോജക്ട്സ് ആൻഡ്
പ്രോഗ്രാം ഡയറക്ടർ ഇബ്രാഹിം അൽ സാബി ഹജ്ജ് സ്പോൺസർഷിപ് പ്രഖ്യാപിക്കുന്നു
ദുബൈ: ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള 400 പേർക്ക് ഈ വർഷം ഹജ്ജിന് സാമ്പത്തികസഹായം നൽകുമെന്ന് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ. അപേക്ഷ സമർപ്പിക്കുന്നവരിൽനിന്നാണ് ധനസഹായത്തിന് അർഹരായവരെ കണ്ടെത്തുക.
പ്രായമായവർക്കും മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവർക്കുമാണ് മുൻഗണന. ഇവർ യാത്രയുമായി ബന്ധപ്പെട്ട മറ്റു നടപടികൾ പൂർത്തീകരിക്കുന്നതിന് അതത് എംബസികളുമായി ബന്ധപ്പെടണമെന്ന് ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ ഫലാഹി പറഞ്ഞു. ഇത്തവണ യു.എ.ഇയിലെ പാവപ്പെട്ട ഇമാറാത്തി കുടുംബങ്ങളിൽനിന്നുള്ള 600 പേർക്കാണ് ഹജ്ജ് തീർഥാടനത്തിന് ഫൗണ്ടേഷൻ സാമ്പത്തിക സഹായം ലഭ്യമാക്കിയത്. ലഭിച്ച അപേക്ഷകളിൽനിന്നാണ് യോഗ്യരായ 600 പേരെ ഹജ്ജിനായി തിരഞ്ഞെടുത്തതെന്ന് ഡോ. മുഹമ്മദ് അൽ ഫലാഹി പറഞ്ഞു.
മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്ത, പ്രായമായവർക്കാണ് മുൻഗണന നൽകിയത്. ഭാര്യക്കോ മകനോ സഹായത്തിനായി ഇവരുടെ കൂടെ പോകാം. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാനായി തിരഞ്ഞെടുക്കപ്പെട്ട തീർഥാടകരെ ഹജ്ജ് കമ്മിറ്റി അംഗീകരിച്ച ക്യാമ്പുകളിൽ പങ്കെടുപ്പിക്കും. ഹജ്ജ് കർമവുമായി ബന്ധപ്പെട്ട് ജൂൺ 11ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് സംഘടിപ്പിക്കുന്ന പ്രത്യേക സെഷനിൽ തീർഥാടകർ പങ്കെടുക്കണമെന്നും സംശയദൂരീകരണത്തിനുള്ള അവസരം പരിപാടിയിൽ ഉണ്ടാവുമെന്നും മുഹമ്മദ് അൽ ഫലാഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

