ഒടുവിൽ തിരികെ കിട്ടി, ഷസയുടെ പെട്ടി
text_fieldsഅബൂദബി: അബൂദബി വിമാനത്താവളത്തില്‍ ആളുമാറി കൊണ്ടുപോയ ഷസയുടെ പെട്ടി തിരികെ കിട്ടി. കോഴിക്കോട്ടുനിന്നുള്ള യാത്രക്കിടെ നഷ്ടമായ പെട്ടിയാണ് വിമാനത്താവളത്തിൽനിന്നുതന്നെ തിരികെലഭിച്ചത്. പെട്ടി നഷ്ടമായ വാർത്ത 'മാധ്യമം' ഓൺലൈനിലും 'ഗൾഫ് മാധ്യത്തി'ലും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടെ, വിമാനത്താവളത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെട്ടി മാറിക്കൊണ്ടുപോയയാൾ തിരികെ എത്തിച്ചതായി വിവരം ലഭിച്ചത്.
താനൂർ സ്വദേശിയും അബൂദബി മിനയിലെ ബിസിനസുകാരനുമായ അബ്ദുൽ ഗഫൂറിന്റെ പെട്ടിയാണ് നഷ്ടമായത്. ഗഫൂറിന്റെ പെട്ടിയിൽ മകൾ ഷസയുടെ പേരാണ് എഴുതിയിരുന്നത്. എന്നാൽ, ഷസ ഫാത്തിമ എന്നപേരിലുള്ള യാത്രക്കാരി പെട്ടി മാറി കൊണ്ടുപോവുകയായിരുന്നു. സുഹൃത്ത് നവാസിന്റെ ഉപദേശപ്രകാരം വീണ്ടും എയര്‍പോര്‍ട്ടില്‍ പോയി അന്വേഷിച്ചപ്പോഴാണ് പെട്ടി തിരികെ എത്തിയ വിവരം അറിഞ്ഞത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഷസയുടെ പെട്ടി വീട്ടിലെത്തി. ലഗേജ് നഷ്ടപ്പെട്ട വിഷയത്തില്‍ ഇടപെട്ട എല്ലാവര്ക്കും നന്ദി പറയുന്നതായും പ്രവാസികളുടെ വലുതും ചെറുതുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുംവരെ കൂടെനില്‍ക്കുന്ന മലയാളികള്‍ എല്ലാവര്ക്കും മാതൃകയാണെന്നും ഗഫൂര്‍ പറഞ്ഞു.

