മെഡിക്കൽ വളന്റിയർമാരുടെ അഞ്ചാം ബാച്ചും ഗസ്സയിലേക്ക്
text_fieldsഗസ്സയിലേക്ക് പുറപ്പെടുന്ന യു.എ.ഇയിൽ നിന്നുള്ള മെഡിക്കൽ വളന്റിയർമാർ
ദുബൈ: ഗസ്സയിലെ ഫീൽഡ് ആശുപത്രിയിൽ സന്നദ്ധസേവനത്തിനായി യു.എ.ഇയിൽനിന്ന് മെഡിക്കൽ വളന്റിയർമാരുടെ ഒരു ബാച്ച് കൂടി പുറപ്പെട്ടു. എട്ടു പേരടങ്ങുന്ന അഞ്ചാമത് ബാച്ച് ഗസ്സയിൽ എത്തിയതായി ജീവകാരുണ്യ പ്രവർത്തന സംരംഭമായ ‘ഗാലന്റ് നൈറ്റ് 3’ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ആശുപത്രിയിൽ പ്രവർത്തിക്കുന്ന യു.എ.ഇയിൽ നിന്നുള്ള മെഡിക്കൽ വളന്റിയർമാരുടെ എണ്ണം 43 ആയി.
ഗസ്സയിൽ യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീൻ നിവാസികൾക്ക് സഹായമെത്തിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ‘ഗാലന്റ് നൈറ്റ് 3’ സംരംഭം പ്രഖ്യാപിച്ചത്. ഈ സംരംഭത്തിന്റെ ഭാഗമായാണ് യുദ്ധത്തിൽ പരിക്കേൽക്കുന്ന ഫലസ്തീനികൾക്ക് വൈദ്യ സഹായമെത്തിക്കാനായി ഗസ്സ മുനമ്പിൽ ഫീൽഡ് ആശുപത്രി സ്ഥാപിച്ചത്.
ആശുപത്രിയിൽ ഇതുവരെ 757 കേസുകൾ സ്വീകരിക്കുകയും ഇവർക്ക് വേണ്ട വൈദ്യ സഹായം നൽകുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ പരിചരണം ആവശ്യമായ കേസുകൾ ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ക്ലിനിക്കുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതുവരെ 141 മേജർ ശസ്ത്രക്രിയകൾ ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചുകഴിഞ്ഞു.
ശൈത്യം നേരിടാൻ കൂടുതൽ സഹായം
അതിശൈത്യത്തിൽ പ്രയാസപ്പെടുന്ന ഗസ്സയിലെ ഫലസ്തീനികൾക്ക് ബ്ലാങ്കറ്റ്, പുതപ്പുകൾ ഉൾപ്പെടെ 16 ലക്ഷത്തോളം ജീവകാരുണ്യ സഹായങ്ങൾ കൂടി വിതരണം ചെയ്തു. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ് ജീവകാരുണ്യ സഹായങ്ങൾ വിതരണം ചെയ്തത്. കൂടുതൽ സഹായങ്ങൾക്കായി പൊതുസംഭാവന സംരംഭത്തിനും എമിറേറ്റ്സ് റെഡ് ക്രസന്റ് തുടക്കമിട്ടിട്ടുണ്ട്.
പുതപ്പുകൾ, ചൂട് പകരാനുള്ള ഉപകരണങ്ങൾ, ഭക്ഷ്യക്കിറ്റുകൾ, മറ്റ് ആരോഗ്യസംരക്ഷണ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി പൊതുജനങ്ങൾക്ക് 10 മുതൽ 300 ദിർഹം വരെ സംഭാവന നൽകാം. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ വെബ്സൈറ്റ് വഴിയാണ് സംഭാവന സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

