ഫിഫ വനിത സൗഹൃദ പരമ്പര ദുബൈയിൽ
text_fieldsദുബൈ: ലോക ഫുട്ബാളിൽ വനിതകളുടെ പങ്കാളിത്തം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഫിഫ പ്രഖ്യാപിച്ച വനിത സൗഹൃദ ഫുട്ബാൾ പരമ്പരയിൽ അഫ്ഗാനിൽ നിന്നുള്ള അഭയാർഥി ടീം പങ്കെടുക്കും. ഒക്ടോബർ 23 മുതൽ 29 വരെ ദുബൈയിലാണ് മത്സരങ്ങൾ. ‘ഫിഫ യുനൈറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിൽ അഫ്ഗാൻ കൂടാതെ യു.എ.ഇ, ഛാഡ്, ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വനിത ടീമുകളാണ് പങ്കെടുക്കുന്നത്. ചതുർരാഷ്ട്ര ടൂർണമെന്‍റിൽ യു.എ.ഇ, ഛാഢ്, ലിബിയ ദേശീയ ടീമുകളുമായി അഫ്ഗാൻ വനിത ടീം ഏറ്റുമുട്ടും. ഡച്ച് പരിശീലകയായ വെറ പോവുടെ കീഴിൽ പരിശീലനം നേടിയാണ് യു.എ.ഇ ടീം ടൂർണമെന്‍റിനെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്
അതേസമയം, ഫിഫ/കൊക്ക-കോള വനിതാ ലോക റാങ്കിങ്ങിൽ അരങ്ങേറ്റം കുറിക്കാമെന്ന മോഹവുമായാണ് ഛാഡ്, ലിബിയ ടീമുകൾ ടൂർണമെന്‍റിലേക്ക് എത്തുന്നത്. കാൽപന്തു കളിയിൽ ലോകമെമ്പാടുമുള്ള വനിത താരങ്ങളുടെ പ്രവേശനം ഉറപ്പാക്കുന്നതിനാണ് ഫിഫ മുൻഗണന നൽകുന്നതെന്ന് പ്രസിഡന്‍റ് ഗിയാനി ഇൻഫാന്‍റിനോ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. കായികരംഗത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഈ നീക്കം ഒരു പ്രധാന ഘടകമാണെന്നും ഫിഫ പ്രസിഡന്‍റ് പറഞ്ഞു. ഗ്രൗണ്ടിന് അകത്തും പുറത്തും വനിത ഫുട്ബാളിന്റെ സാധ്യതകൾ ഞങ്ങൾ തിരിച്ചറിയുന്നു. ഈ സൗഹൃദ മത്സരം വെറുമൊരു മത്സരം എന്നതിനപ്പുറത്ത്, അതിൽ പങ്കെടുക്കുന്നവർ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ഉന്നമനത്തിന്‍റെയും പ്രതീക്ഷയുടെയും പ്രതീകമാണ്. യു.എ.ഇ ഫുട്ബാൾ അസോസിയേഷനുമായി കൈകോർത്താണ് മത്സരം സംഘടിപ്പിക്കുന്നത്. റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്ന മത്സരങ്ങൾ ഫിഫ രാജ്യാന്തര തലത്തിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

