ഷാര്‍ജ വെളിച്ചോത്സവത്തിന് ഇക്കുറി തിളക്കമേറെ
text_fieldsഷാര്‍ജ: ദീപങ്ങള്‍ തെളിയുമ്പോള്‍ മനസിന് പാടാതിരിക്കാനാവില്ല എന്ന് പറയുന്നത് എത്ര ശരിയാണെന്ന് അനുഭവിച്ച് ബോധ്യപ്പെടണമെന്നുണ്ടെങ്കില്‍ ഏഴാമത് ഷാര്‍ജ വിളക്കുത്സവം കാണാനത്തെിയാല്‍ മതി.
വെള്ളപൂശികിടക്കുന്ന ചുവരുകളെ വസന്തമാക്കി മാറ്റുന്ന അപൂര്‍വ്വ കാഴ്ചകളാണ് ഷാര്‍ജ ദീപോത്സവം സമ്മാനിക്കുന്നത്. വിളക്കുത്സവം മൂന്ന് ദിവസം പിന്നിടുമ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലേസര്‍ സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഷാര്‍ജയുടെ 13 ഇടങ്ങളില്‍ ദീപോത്സവം തെളിഞ്ഞ് കത്തുന്നത്. സെക്കന്‍റുകള്‍ക്കിടയില്‍ വര്‍ണങ്ങള്‍ മാറിമറിയുന്ന ദൃശ്യചാരുത കാഴ്ച്ചക്കാരെ പിടിച്ച് നിറുത്തുന്നു.
ഷാര്‍ജ അല്‍ മജാസിലെ ഖാലിദ് തടാക കരയിലെ പാം ഒയാസീസ് എന്ന് വിളിക്കുന്ന ഈന്തപ്പനക്കാട്ടിലെ ഇന്‍ററാക്ടീവ് ലൈറ്റ് ഷോ കാണേണ്ടത് തന്നെ.
ഈന്തപ്പനകള്‍ക്കിടയില്‍ വെളിച്ചത്തിന്‍െറ മൂന്ന് ഇടനാഴികകളും അവയെ ബന്ധിപ്പിക്കുന്ന നടവഴികളും തീര്‍ത്താണ് ഇത് ആവിഷ്കരിച്ചിരിക്കുന്നത്. സ്വര്‍ണ വര്‍ണത്തില്‍ തീര്‍ത്ത വെളിച്ചത്തിന്‍െറ ഇടനാഴികകളിള്‍ സെല്‍ഫികളുടെ തിക്കും തിരക്കുമാണ്. അല്‍ നൂര്‍ പള്ളിയിലെ വര്‍ണ കുടമാറ്റം കണ്ട് പത്തടി നടന്നാല്‍ ഇന്‍ററാക്ടീവ് ലൈറ്റ് ഷോ കാണാം. തൊട്ടടുത്തുള്ള ജമല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റില്‍ അറബ് ഭക്ഷണങ്ങളുടെ നീണ്ട നിരതന്നെയുണ്ട്.
ഖാലിദ് തടാകത്തിനെ ചുറ്റി തീര്‍ത്തിരിക്കുന്ന ദീപാലങ്കാരവും അല്‍ മജാസി വാട്ടര്‍ഫ്രണ്ടിലെ സംഗീത ജലധാരയും ദീപാലങ്കാരങ്ങളും പുതുമയുള്ളത് തന്നെ. ആല്‍ ഖാസിമിയ സര്‍വ്വകലാശാല, അല്‍ ഖാസിമിയ മസ്ജിദ്, യുണിവേഴ്സിറ്റി സിറ്റി ഹാള്‍, പ്ളാനിറ്റോറിയം, ജുബൈലിലെ പുതിയ പൊതു മാര്‍ക്കറ്റ്, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫെര്‍സ്, കള്‍ച്ചറല്‍ പാലസ്, കല്‍ബ കോര്‍ണീഷ് പാര്‍ക്ക്, കല്‍ബയിലെ അല്‍ ഫരീദ് സ്ട്രീറ്റിലെ ഗവ. കെട്ടിടം, ദിബ്ബ അല്‍ ഹിസന്‍, ബുഹൈറയിലെ തെരഞ്ഞെടുത്ത കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ഇത്തവണ പ്രകാശം കവിത എഴുതുന്നത്.
വൈകിട്ട് ആറര മുതല്‍ രാത്രി 11 വരെയും വാരാന്ത്യങ്ങളില്‍ വൈകിട്ട് ആറര മുതല്‍ രാത്രി 12 വരെയുമാണ് വെളിച്ചോത്സവം. ബുഹൈറ കോര്‍ണീഷില്‍ രാത്രി ഘോഷയാത്രയും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
