സെൻട്രൽ ബാങ്ക് മാർഗനിർദേശം പുറത്തുവിട്ടാൽ ക്രിപ്റ്റോ കറൻസികൾ സ്വീകരിക്കും -ഫെർജ്
text_fieldsദുബൈ: യു.എ.ഇ സെൻട്രൽ ബാങ്ക് മാർഗനിർദേശങ്ങൾ പുറത്തുവിടുന്ന മുറക്ക് രാജ്യത്തെ മണി എക്സ്ചേഞ്ച് കമ്പനികൾ ക്രിപ്റ്റോ കറൻസികൾ സ്വീകരിക്കുമെന്ന് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റമിറ്റൻസ് ഗ്രൂപ് (ഫെർജ്) വൈസ് ചെയർമാൻ അദീബ് അഹമ്മദ് പറഞ്ഞു. ദുബൈയിൽ നടന്ന ഫെർജിന്റെ ടെക്നോ മീറ്റ് 23യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിപ്റ്റോ വിഷയത്തിൽ സെൻട്രൽ ബാങ്കുമായി ചർച്ചകൾ തുടരുകയാണ്. ഡിജിറ്റൽ കറൻസിയുടെ ഉപയോഗം എന്താണെന്ന് സെൻട്രൽ ബാങ്ക് തിരിച്ചറിഞ്ഞിട്ടുണ്ട്.
ലോകം ഡിജിറ്റൽ കറൻസികളെ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. ഡിജിറ്റൽ കറൻസികൾ പേയ്മെന്റ് ഇക്കോസിസ്റ്റത്തിന്റെ ഭാഗമാകേണ്ടതുണ്ട്. തീർച്ചയായും സെൻട്രൽ ബാങ്ക് ക്രിപ്റ്റോ ഇടപാടിനുള്ള മാർഗ നിർദേശങ്ങൾ വൈകാതെ പുറത്തിറക്കും. അന്ന് മുതൽ മണി എക്സ്ചേഞ്ചുകളും ക്രിപ്റ്റോ സ്വീകരിച്ചു തുടങ്ങും- അദീബ് പറഞ്ഞു. ലുലു എക്സ്ചേഞ്ചിന്റെ ഉടമസ്ഥരായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് (എൽ.എഫ്.എച്ച്) മാനേജിങ് ഡയറക്ടർ കൂടിയാണ് അദീബ്.
ഈ വർഷം അവസാനത്തിലോ അടുത്ത വർഷം ആദ്യത്തിലോ ക്രിപ്റ്റോ കറൻസി നിയമങ്ങളും മാർഗനിർദേശങ്ങളും സെൻട്രൽ ബാങ്ക് പുറത്തിറക്കുമെന്നാണ് പ്രതീക്ഷയെന്നും അദീബ് കൂട്ടിച്ചേർത്തു. ഡിജിറ്റൽ കറൻസി ഇടപാടുകൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഇക്കഴിഞ്ഞ മാർച്ചിൽ ജി42 ക്ലൗഡ്, ആർ3 എന്നീ സ്ഥാപനങ്ങളുമായി സെൻട്രൽ ബാങ്ക് കരാറിൽ ഒപ്പുവെച്ചിരുന്നു. ഡിജിറ്റൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്നരഹിത രൂപങ്ങൾ സൃഷ്ടിക്കാനാണ് തീരുമാനം. അതോടൊപ്പം ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും ഡിജിറ്റൽ കറൻസി ഇടപാടുകളിലെ പ്രധാന വശങ്ങളെ കുറിച്ചും സി.ബി.സി.ഡി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

