വിജയാനുഭവങ്ങൾ പങ്കുവെച്ച് വനിത പ്രതിഭകൾ
text_fieldsമീഡിയവൺ ‘ഹെർസ്റ്റോറി’ വേദിയിലെത്തിയ അതിഥികൾ ഉദ്ഘാടക നൈല ഉഷ, മീഡിയവൺ
ജനറൽ മാനേജർ സവാബ് അലി, മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ്
എം.സി.എ. നാസർ എന്നിവർക്കൊപ്പം
ദുബൈ: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരായ 11 വനിതകൾ വിജയാനുഭവങ്ങൾ പങ്കുവെച്ച മീഡിയവൺ ‘ഹെർസ്റ്റോറി’ ശ്രദ്ധേയമായി. ദുബൈ അക്കാദമിക് സിറ്റിയിലെ ഡി മോണ്ട്ഫോർട്ട് യൂനിവേഴ്സിറ്റിയിൽ നടന്ന പരിപാടി പ്രമുഖ നടിയും ഹിറ്റ് എഫ്.എം റേഡിയോ അവതാരകയുമായ നൈല ഉഷ ഉദ്ഘാടനം നിർവഹിച്ചു.
വിഖ്യാത സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ മകളും സംഗീതജ്ഞയുമായ ഖദീജ റഹ്മാൻ, യു.എ.ഇയുടെ ആദ്യ വനിത എയർക്രാഫ്റ്റ് എൻജിനീയർ ഡോ. സുആദ് ആൽ ശംസി, ഭിന്നശേഷിക്കാരുടെ പഠനത്തിനായി സെൻസസ് സെന്റർ എന്ന സ്ഥാപനത്തിന് തുടക്കമിട്ട ഇമറാത്തി വനിത നാദിയ അൽ സയേഗ്, അന്താരാഷ്ട്ര പാരാബാഡ്മിന്റൻ രംഗത്ത് തിളങ്ങുന്ന മലയാളി കായികതാരം ആൽഫിയ ജെയിംസ്, ലൈഫ് സ്റ്റൈൽ ഇൻഫ്ലുവൻസറും സംരംഭകയുമായ ഇമറാത്തി വനിത മോന തജർബി, മലയാളം പറഞ്ഞ് വൈറലായ ഇമാറാത്തി സഹോദരിമാരായ നൂറ അൽ ഹിലാലിയും മറിയം അൽഹിലാ എന്നിവരും അനുഭവങ്ങൾ പങ്കുവെച്ചു.
സെലിബ്രിറ്റി ഷെഫ് ജുമാന ഖാദിരി, ഖലീജ് ടൈംസിന്റെ ഹാപ്പിനസ് എഡിറ്റർ പദവിയിലെത്തിയ മലയാളി മാധ്യമപ്രവർത്തക നസ്റീൻ അബ്ദുല്ല, ഫുഡ് എ.ടി.എം എന്ന സംവിധാനത്തിന് തുടക്കമിട്ട ആയിശ ഖാൻ എന്നിവരും സദസ്സുമായി സംവദിച്ചു. പരിപാടിയിൽ വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. ആയിഷ അബ്ദുൽ ബാസിത്, ശിൽപ ശ്രീകുമാർ, സാൻഡ് ആർട്ടിസ്റ്റ് അലിഷ അമീർ എന്നിവരും വേദിയിലെത്തി. വനിതകളുടെ ആരോഗ്യവും ജീവിതശൈലി രോഗങ്ങളും എന്ന വിഷയത്തിൽ ദുബൈ മെഡിയോർ ഹോസ്പിറ്റലിലെ ഡോ. ധന്യ ഷാജിയും ബിസിനസ് ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനെക്കുറിച്ച് അർച്ചന പ്രതാപ് കുമാറും ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം, നിക്ഷേപ സാധ്യതകൾ എന്നിവ സംബന്ധിച്ച് മിഥുൻ ഗിരീശനും സംസാരിച്ചു.
ചടങ്ങിൽ മീഡിയവൺ പോഡ്കാസ്റ്റ് സർവിസിന്റെ ഉദ്ഘാടനം ഹിറ്റ് എം.എം അവതാരകൻ സർഫാസ് നിർവഹിച്ചു. ഷഫ്നാസ് അനസ് (മീഡിയവൺ മീഡിയ സൊലൂഷൻസ് സീനിയർ മാനേജർ) സ്വാഗതം പറഞ്ഞു. മീഡിയവൺ ജനറൽ മാനേജർ സവാബ് അലി അതിഥികൾക്ക് ഉപഹാരം കൈമാറി. മീഡിയവൺ മിഡിൽ എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

