ദുബൈയിലെ വിനോദ കേന്ദ്രങ്ങളിൽ ഫീസ് കൂടി; സന്ദർശകർക്ക് കുറവില്ല
text_fieldsഗ്ലോബൽ വില്ലേജിലെ ആഘോഷവും ആൾക്കൂട്ടവും
ദുബൈ: വീണ്ടുമൊരു ശൈത്യകാലംകൂടി വന്നെത്തിയതോടെ ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പുതുമോടിയോടെ തുറന്നിരിക്കയാണ്. വിനോദസഞ്ചാരികളും താമസക്കാരും ഒഴുകിയെത്തുന്ന ഇത്തരം കേന്ദ്രങ്ങളിൽ ഇത്തവണ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് പ്രവേശന ഫീസ് വർധിപ്പിച്ചിട്ടുണ്ട്.
എന്നാൽ നിരക്ക് കൂടിയതൊന്നും സന്ദർശകരെ ബാധിക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കോവിഡ് വിട്ടുമാറിയ സാഹചര്യത്തിൽ കുടുംബങ്ങൾക്ക് സുരക്ഷിതമായി വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നതാണ് സന്ദർശകർ വർധിക്കാൻ കാരണമായത്. കഴിഞ്ഞയാഴ്ച സഞ്ചാരികൾക്കായി തുറന്ന ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനത്തിന് ഇത്തവണ 20 ദിർഹമാണ്. കഴിഞ്ഞതവണ ഇത് 15 ദിർഹമായിരുന്നു. ഏത് ദിവസവും പ്രവേശനം അനുവദിക്കുന്ന 25 ദിർഹമിന്റെ എനി ഡേ ടിക്കറ്റുമുണ്ട്. എന്നാൽ രണ്ടുതരം ടിക്കറ്റുകൾക്കും ഓൺലൈൻ വഴി വാങ്ങുമ്പോൾ 10 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറക്കുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ദുബൈയിലെ മറ്റൊരു പ്രധാന വിനോദ കേന്ദ്രമായ സഅബീൽ പാർകിലെ ദുബൈ ഗാർഡൻ ഗ്ലോ പ്രവേശനത്തിനും ഇത്തവണ ഫീസ് വർധിച്ചിട്ടുണ്ട്. അഞ്ചു ശതമാനം വാറ്റ് അടക്കം 70 ദിർഹമാണ് ഇവിടെ പ്രവേശനത്തിന് ഈടാക്കുന്നത്. കഴിഞ്ഞ വർഷം ഇത് 65ദിർഹമായിരുന്നു. മിറാക്ൾ ഗാൾഡനും പ്രവേശനത്തിന് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. മുതിർന്നവർക്ക് പ്രവേശനത്തിന് ഇത്തവണ 75 ദിർഹമാണ് ഇവിടെ ഈടാക്കുന്നത്. 3 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 60 ദിർഹമാണ്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം. മുതിർന്നവർക്ക് 55 ദിർഹമും കുട്ടികൾക്ക് 40 ദിർഹമുമായിരുന്നു മുമ്പുണ്ടായിരുന്ന നിരക്ക്. ഫീസ് വർധന സഞ്ചാരികളെ ബാധിച്ചിട്ടില്ലെന്നാണ് ശൈത്യകാലത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇവിടങ്ങളിൽ ഒഴുകിയെത്തിയ സന്ദർശകർ കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

