‘കടുത്ത ക്ഷീണമുണ്ടോ? എങ്കിൽ വാഹനം ഒതുക്കി നിർത്തിയേക്കൂ...’
text_fieldsദുബൈ: അമിതമായ ക്ഷീണം, ഉറക്കച്ചടവ്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുള്ള അവസ്ഥയിൽ വാഹനം ഓടിക്കരുതെന്ന് ദുബൈ പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, മാനസിക അസ്വസ്ഥതകൾ, പെട്ടെന്ന് ബോധം നഷ്ടപ്പെടൽ തുടങ്ങിയ അവസ്ഥകൾ ഗുരുതരമായ അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
നിസ്സാരമെന്ന് കരുതുന്ന ലക്ഷണങ്ങൾ പോലും ഡ്രൈവ് ചെയ്യുമ്പോൾ നിമിഷനേരം കൊണ്ട് വലിയ അപകടങ്ങൾക്ക് കാരണമാകാമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ജനറൽ ഡിപാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ പറഞ്ഞു. ഡ്രൈവിങ്ങിനിടെ ബോധക്ഷയം ഉണ്ടാകുന്നത് വാഹനം പൂർണമായും നിയന്ത്രണം വിടാൻ ഇടയാക്കുമെന്നും ഇത് സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും വലിയ ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജൂമൈറ സ്ട്രീറ്റിലേക്ക് പോവുകയായിരുന്ന ഒരു കാർ ഡ്രൈവർക്ക് ഉമ്മു സുഖീം സ്ട്രീറ്റിൽവെച്ച് പെട്ടെന്ന് ബോധക്ഷയമുണ്ടാവുകയും തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിക്കുകയും ചെയ്ത അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. സംഭവസ്ഥലത്തെത്തിയ ട്രാഫിക് വിദഗ്ധരും രക്ഷാപ്രവർത്തകരും ഉടൻ പരിക്കേറ്റവർക്ക് സഹായം ലഭ്യമാക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
ദീർഘദൂര യാത്രകൾ നടത്തുന്നവരും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരും കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന നടത്തണമെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ അഭ്യർഥിച്ചു. വിശ്രമമില്ലാതെ തുടർച്ചയായി ഡ്രൈവ് ചെയ്യുന്നത് ശാരീരികവും മാനസികവുമായ തളർച്ചക്ക് കാരണമാകും. അതിനാൽ, ദീർഘദൂര യാത്രകളിൽ ആവശ്യത്തിന് വിശ്രമവേളകൾ ഉൾപ്പെടുത്തണമെന്നും തലകറക്കമോ അസാധാരണ ക്ഷീണമോ തോന്നിയാൽ ഉടനടി വാഹനം നിർത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
യാത്ര തുടങ്ങുന്നതിന് മുമ്പ് ഡ്രൈവർമാർ ആവശ്യത്തിന് ഉറക്കവും വിശ്രമവും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. നിർദ്ദിഷ്ട ലൈനുകളിലൂടെ മാത്രം വാഹനം ഓടിക്കുക, ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുക, അസ്വസ്ഥതയോ ക്ഷീണമോ അനുഭവപ്പെട്ടാൽ ഉടൻ വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തുക തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ദുബൈ പൊലീസ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

