ഫീസ് കുടിശ്ശിക: വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കാം
text_fieldsഅബൂദബി: ട്യൂഷന് ഫീസ് കുടിശ്ശികയുള്ള വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കാന്‍ സ്വകാര്യ സ്കൂളുകള്‍ക്ക് അനുമതി നല്കി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകള്ക്കുമായാണ് പുതിയ നയം.
എന്നാൽ, ട്യൂഷൻ ഫീസ് വൈകിയാലുള്ള നടപടിയെ കുറിച്ച് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ സ്കൂൾ പരസ്യപ്പെടുത്തിയിരിക്കണം. കൂടാതെ ട്യൂഷന് ഫീസ് ഗഡുക്കളായി നല്‍കുന്നതിന് സൗകര്യം നൽകുകയും വേണം. ട്യൂഷന് ഫീസ് കുടിശ്ശികയുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ വിദ്യാര്‍ഥികളെ നേരിട്ട് വിളിക്കാന്‍ പാടില്ല. ഇവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതും വിലക്കിയിട്ടുണ്ട്.
അക്കാദമിക വര്‍ഷം തുടങ്ങുന്നതിനു ഒരു മാസം മുമ്പ് ആദ്യ ഗഡു ട്യൂഷന് ഫീസ് സ്കൂളുകള്‍ക്ക് വാങ്ങാം. മൂന്നോ അല്ലെങ്കില്‍ അതില്‍ കൂടുതലോ തവണകളായി ട്യൂഷന് ഫീസ് ഈടാക്കാം. ഫീസ് അടക്കല്‍ ഷെഡ്യൂള്‍ പരസ്യപ്പെടുത്തുകയും ഇരുകൂട്ടരും ഫീസ് ഷെഡ്യൂള്‍ സമ്മതിക്കുകയും വേണം. ഇതിനായി ബാധ്യതകള്‍ ബോധ്യപ്പെടുത്തുന്ന കരാറില്‍ ഇരുകൂട്ടരും ഒപ്പുവെക്കണം. അതേസമയം, യു.എ.ഇയില്‍ പഠിപ്പിക്കുന്ന 14 അന്താരാഷ്ട്ര പാഠ്യപദ്ധതികളില്നിന്നുള്ള 12ാം ക്ലാസ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇപ്പോള്‍ ഔദ്യോഗിക തുല്യതക്ക് അര്‍ഹതയുണ്ടെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സര്‍വകലാശാല പ്രവേശനത്തിനും ജോലി അപേക്ഷകള്‍ക്കും അനിവാര്യമാണിത്. അവസാന മൂന്ന് അക്കാദമിക് വര്‍ഷത്തെ രേഖകളും ബിരുദ സര്‍ട്ടിഫിക്കറ്റും അഡെക്, കെ.എച്ച്.ഡി.എ അല്ലെങ്കില്‍ എസ്.പി.ഇ.എ എന്നീ വിദ്യാഭ്യാസ അധികാരികളില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തലുകള്, അറബിക്, ഇംഗ്ലീഷ് ഭാഷകളിലല്ലാത്ത രേഖകള്‍ക്ക് സാക്ഷ്യപ്പെടുത്തിയ നിയമ വിവര്‍ത്തനങ്ങള്‍ എന്നിവ തുല്യത കരസ്ഥമാക്കാന്‍ വിദ്യാര്‍ഥികള്‍ നല്‍കേണ്ടതുണ്ട്. ഓപണ്‍ എജുക്കേഷന്‍ അല്ലെങ്കില്‍ വിദൂര വിദ്യാഭ്യാസ പരിപാടികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തുല്യതക്കായി പരിഗണിക്കില്ല. മുസ്ലിം വിദ്യാര്‍ഥികള്‍ ഇസ്ലാമിക വിദ്യാഭ്യാസം പഠിച്ചിരിക്കണം.
അറബ് വിദ്യാര്‍ഥികള്‍ അവസാന മൂന്നു വര്‍ഷത്തില്‍ അറബിക് ഭാഷ പഠിച്ചിരിക്കണം എന്നിവ അധിക നിബന്ധനകളാണ്. ഏഴ് ദിവസമാണ് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിന് അനുവദിക്കുക. രേഖകള്‍ പൂര്‍ണമല്ലെങ്കില്‍ മൂന്ന് തവണത്തെ ശ്രമങ്ങള്‍ക്കു ശേഷം അപേക്ഷ റദ്ദാക്കും. 50 ദിര്‍ഹമാണ് തുല്യത സേവന ഫീസ്. അഞ്ച് പ്രവൃത്തി ദിനങ്ങളും ഇതിനെടുക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേനയോ അംഗീകൃത മൊബൈല്‍ ആപ് മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

