ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം ഇന്ന് മുതൽ
text_fieldsഅബൂദബി: യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം ചൊവ്വാഴ്ച തുടങ്ങും. ഈമാസം 18 വരെ പത്രിക സമർപ്പിക്കാം. രാവിലെ എട്ട് മുതൽ ആഗസ്റ്റ് 18 ഉച്ചയ്ക്ക് 12 വരെയാണ് നാമ നിർദേശ പത്രിക സമർപ്പിക്കാൻ അവസരം. വോട്ടർപട്ടികയിൽ പേരുള്ള യു.എ.ഇ സ്വദേശികൾക്ക് മാത്രമേ നാമനിർദേശപത്രിക സമർപ്പിക്കാനാവൂ. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വെബ്സൈറ്റ് വഴിയും ഓഫ് ലൈൻ ആയും അപേക്ഷ സമർപ്പിക്കാം.
ദുബൈ വേൾഡ് ട്രേഡ് സെന്റർ ഉൾപ്പടെ നാമനിർദേശ പത്രിക സ്വീകരിക്കാൻ പ്രത്യേക കേന്ദ്രങ്ങളുണ്ടാകും. സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക ആഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക സെപ്റ്റംബർ രണ്ടിന് പുറത്തുവിടും. ഒക്ടോബറിലാണ് യു.എ.ഇയിൽ ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 40 അംഗ ഫെഡറൽ കൗൺസിലിലെ 20 പേരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ബാക്കി 20 അംഗങ്ങളെ വിവിധ എമിറേറ്റുകളിലെ ഭരണകർത്താക്കൾ നാമനിർദേശം ചെയ്യുന്നതാണ് രീതി.

