കാറുകളിലെ ചൈൽഡ് സീറ്റ് നിർമാണത്തിൽ പിഴവ്
text_fieldsവാഹനങ്ങളിലെ ബാക് സീറ്റ് ലാച്ച്
ദുബൈ: രണ്ട് പ്രമുഖ കാർനിർമാണ കമ്പനികളുടെ രണ്ട് മോഡലുകൾ തിരിച്ചുവിളിക്കാൻ യു.എ.ഇ സാമ്പത്തിക മന്ത്രാലയം നോട്ടീസ് അയച്ചു. അമേരിക്കൻ കമ്പനിയായ ജി.എം.സിയുടെ 556 ജി.എം.സി ടെറൈൻ, ജർമൻ കമ്പനിയായ ഷെവർലെയുടെ ഇക്വിനോക്സ് എന്നീ മോഡലുകളാണ് തിരികെ വിളിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2020നും 23നും ഇടയിൽ മെക്സികോയിൽ നിർമിച്ചവയാണിത്.
ചൈൽഡ് സീറ്റുകൾ നിർമിച്ചതിൽ ഫെഡറൽ വെഹിക്ക്ൾ സുരക്ഷാനിലവാരം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വാഹനങ്ങൾക്ക് പിറകിലെ സീറ്റിലുള്ള ചൈൽഡ് സീറ്റ് ലാച്ച് ആംഗറേജ് ബാറുകളിലെ നിർമാണത്തിലാണ് പിഴവ് കണ്ടെത്തിയിട്ടുള്ളത്. സീറ്റ് ബെൽറ്റിന്റെ സഹായമില്ലാതെ ചൈൽഡ് സീറ്റുകൾ സെറ്റ് ചെയ്യാൻ സഹായിക്കുന്ന ഹുക്കാണ് ലാച്ചുകൾ. ചൈൽഡ് സീറ്റുകൾ കൃത്യമായി സംവിധാനിച്ചില്ലെങ്കിൽ അപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കാനുള്ള സാധ്യത വർധിക്കും.
എന്നാൽ, ഈ വിഷയം ഇത്തരം കാറിന് ബാധകമാണെങ്കിൽ, വാഹന ഉടമയുടെ മാന്വൽ പ്രകാരവും ചൈൽഡ് സീറ്റ് നിർമാതാവിന്റെ നിർദേശങ്ങൾ അനുസരിച്ചും വാഹനത്തിന്റെ പിൻസീറ്റ് ബെൽറ്റുകൾ ഉപയോഗിച്ച് ഉടമകൾ ചൈൽഡ് സീറ്റുകൾ സെറ്റ് ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.
തിരിച്ചുവിളിക്കുന്ന കാറുകൾ ഡീലർമാർ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തണം. നിർമാണ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് 34,386 കാറുകൾ തിരിച്ചു വിളിക്കാനായി ഈ വർഷം 21 തിരിച്ചുവിളിക്കൽ നോട്ടീസാണ് സാമ്പത്തിക മന്ത്രാലയം പുറപ്പെടുവിച്ചത്.
ഫോർഡ്, മെഴിസിഡസ് ബെൻസ്, ജീപ്പ്, കിയ, ബെന്റ്ലി, ഡോഡ്ജ്, ലാൻഡ് റോവൽ എന്നീ കമ്പനികളുടെ വിവിധ പതിപ്പുകളാണ് തിരിച്ചുവിളിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41 ശതമാനം അധികമായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

