യു.എ.ഇയിൽ റോഡപകടങ്ങളിൽ മരണനിരക്ക് കുറഞ്ഞു; പരിക്കേൽക്കുന്നവരുടെ എണ്ണം 13 ശതമാനം കൂടി
text_fieldsറോഡുകളിൽ സുരക്ഷ പരിശോധന നടത്തുന്ന ആർ.ടി.എ ഉദ്യോഗസ്ഥൻ
ദുബൈ: രാജ്യത്ത് റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. മരണനിരക്കിൽ 68 ശതമാനത്തിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ 14 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. റോഡ് സുരക്ഷ രംഗത്തുള്ള ശ്രദ്ധേയമായ നേട്ടമാണിതെന്ന് യു.എ.ഇ റോഡ് സുരക്ഷ അതോറിറ്റി മാനേജിങ് ഡയറക്ടർ തോമസ് ഇഡിൽമൻ പറഞ്ഞു.
കഴിഞ്ഞ വർഷം 343 പേർക്കാണ് യു.എ.ഇയിലെ റോഡുകളിൽ ജീവൻ നഷ്ടപ്പെട്ടത്. തൊട്ടുമുമ്പുള്ള വർഷം മരണനിരക്ക് 381 ആയിരുന്നു. അതേസമയം, റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വർധനയുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2021നെ അപേക്ഷിച്ച് 2022ൽ പരിക്കേറ്റവരുടെ എണ്ണത്തിൽ 13 ശതമാനത്തിന്റെ വർധനയുണ്ടായി. 2021ൽ 3488 പേർക്ക് പരിക്കേറ്റപ്പോൾ കഴിഞ്ഞ വർഷമിത് 3945 ആയി ഉയർന്നു.
അതേസമയം, കഴിഞ്ഞ വർഷം മരിച്ചവരിൽ 297 പേർ പുരുഷന്മാരും 46 പേർ സ്ത്രീകളുമാണ്. ഇതിൽതന്നെ 74 ശതമാനം പേരും 18നും 45നും ഇടയിലുള്ളവരാണ്. അബൂദബിയിലും ദുബൈയിലുമാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവിടങ്ങളിൽ മരണനിരക്ക് യഥാക്രമം 127, 120 ആണ്. റാസൽഖൈമ 34, ഷാർജ 33, അജ്മാൻ 13, ഉമ്മുൽ ഖുവൈൻ 12, ഫുജൈറ നാല് എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ മരണ നിരക്ക്.
ഡ്രൈവർമാരുടെ അശ്രദ്ധയാണ് അപകടങ്ങളുടെ പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം 948 അപകടങ്ങളുടെയും മൂലകാരണം ശ്രദ്ധക്കുറവായിരുന്നു. അബൂദബിയിൽ 509, ഷാർജയിൽ 119, ദുബൈയിൽ 111 എന്നിവ ഇതിൽ ഉൾപ്പെടും. ഡ്രൈവർമാർ വാഹനം റോഡുകളിൽ അശ്രദ്ധമായി വെട്ടിക്കുന്നതും ലെയ്നുകളിൽ അച്ചടക്കം പാലിക്കാത്തതും മൂലം 848 അപകടങ്ങളാണുണ്ടായത്. വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കുന്നതിലെ വീഴ്ച മൂലം 505 അപകടങ്ങളും പ്രധാന റോഡുകളിലേക്ക് സുരക്ഷ ഉറപ്പാക്കാതെ പ്രവേശിക്കുന്നത് മൂലം 359 അപകടങ്ങളും സംഭവിച്ചു. റോഡുകൾ നിർണയിക്കുന്നതിലെ പരാജയവും ട്രാഫിക് സിഗ്നലുകളിലെ അശ്രദ്ധയും മൂലം 336 ബൈക്ക് അപകടങ്ങൾ സംഭവിച്ചു. 117 അപകടങ്ങളുടെ കാരണം ചുവന്ന ലൈറ്റ് ശ്രദ്ധിക്കാത്തതാണ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടങ്ങൾ പോയ വർഷം 116 ആണ്.
റോഡ് സുരക്ഷ അതോറിറ്റി നടത്തിയ പഠനത്തിൽ വാഹന ഉപയോക്താക്കൾക്കിടയിലെ പ്രശ്നങ്ങളാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് കണ്ടെത്തിയതായും റോഡ് സുരക്ഷ അതോറിറ്റി മാനേജിങ് ഡയറക്ടർ തോമസ് ഇഡിൽമൻ പറഞ്ഞു. ശ്രദ്ധക്കുറവ്, വൈകിയോടുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഇത്തരത്തിലുള്ള മൂല കാരണങ്ങളെ കുറിച്ചുള്ള ഗവേഷണം പതിവായി നടത്തുകയും ഫലങ്ങൾ പരസ്യമായും വിശാലമായും പങ്കിടുകയും വേണം. ഈ സമീപനമാണ് മുന്നോട്ടുള്ള ഫലപ്രദമായ സംരംഭങ്ങളുടെ അടിത്തറയെന്നും പഠനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

