2.4 കോടി സന്ദര്‍ശകരെ സ്വാഗതം ചെയ്യാൻ അബൂദബി
text_fieldsഅബൂദബി അല്‍ നഹ്ദയിലെ ബെന്‍സര്‍ ഫാം
അബൂദബി: 2023 അവസാനത്തോടെ 24 ദശലക്ഷം സന്ദര്‍ശകരെ അബൂദബിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയുമായി അബൂദബി സാംസ്കാരിക വിനോദ വകുപ്പ്. പ്രാദേശിക ടൂറിസം വികസനത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാം ടൂറിസത്തിനും അബൂദബിയില്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. അബൂദബി ടൂറിസം മേഖലയില്‍ 2022ല്‍ കൈവരിച്ച നേട്ടങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ ലക്ഷ്യം മുന്നിൽവെച്ചുള്ള പദ്ധതികളെന്ന് വകുപ്പ് അണ്ടര്‍ സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹുസനി പറഞ്ഞു.
2022ല്‍ 18 ദശലക്ഷം സന്ദര്‍ശകരാണ് അബൂദബിയിലെത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധനയുണ്ടായി. ഹോട്ടൽ മുറികളില്‍ 70 ശതമാനവും ബുക്ക് ചെയ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യയിലെ ശരാശരി 67 ശതമാനമാണെന്നിരിക്കെയാണ് അബൂദബി 70 ശതമാനം കൈവരിച്ചത്. ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ അബൂദബിയിലെത്തിയത് ഇന്ത്യ, സൗദി, ബ്രിട്ടന്, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ്.
അബൂദബിയില്‍ സംഘടിപ്പിച്ച വിനോദ, കായിക, വ്യാപാര, റോഡ് ഷോ മുതലായവയാണ് സന്ദര്‍ശകരുടെ വര്‍ധനക്ക് സഹായകമായത്. 2022ല്‍ മാത്രം 180 ദിവസത്തിനുള്ളില്‍ 100ലേറെ വ്യത്യസ്ത പരിപാടികള്‍ക്കാണ് അബൂദബി വേദിയായത്. ഗ്രാമി പുരസ്കാര ജേതാവായ സ്റ്റിങ്, കെ പോപ് സെന്‍സേഷനായ ബ്ലാക് പിങ്ക്, ഓസ്കര് ജേതാവായ എ.ആര്. റഹ്മാന്റെ ഷോ, അബൂദബി ഗ്രാൻഡ് പ്രീ, എന്‍.ബി.എ, യു.എഫ്.സി തുടങ്ങിയ വന്‍ പരിപാടികള്‍ക്കാണ് അബൂദബി ആതിഥ്യം വഹിച്ചത്.
വിനോദ സഞ്ചാരികള്‍ക്ക് ഫാമുകള്‍ സന്ദര്‍ശിക്കാനും താമസിക്കാനുമുള്ള അനുമതി നല്കിയതു വഴി ടൂറിസം മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള സാഹചര്യം ഒരുങ്ങുകയും ഫാമിലെ ഉല്പന്നങ്ങള് അവിടെത്തന്നെ വിറ്റഴിക്കാനും സാധിക്കും. മാത്രമല്ല, ഹോം സ്റ്റേകള്‍ വാടകയിനത്തില്‍ അധിക വരുമാനം കണ്ടെത്തുന്നതിനും ഉപകരിക്കും. നഗരത്തിലെ തിരക്കുകളില്‍നിന്നു മാറി ഗ്രാമീണ അന്തരീക്ഷത്തില്‍ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ചെലവഴിക്കാം. ജൈവ ഉല്പന്നങ്ങള് നേരിട്ടു വാങ്ങുകയും ചെയ്യാം. അതേസമയം, ഫാമിലെ കൃഷികളെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ ചെറിയ ആഘോഷങ്ങള്‍ക്കും ഇത്തരം ഫാമുകളില്‍ അവസരമുണ്ട്. കമ്പനികളുടെ വാര്‍ഷിക മീറ്റിങ്, സംഘടനകളുടെയും കൂട്ടായ്മകളുടെയും ഒത്തുചേരല്‍, വിവിധ ആഘോഷങ്ങള്‍ക്കുമൊക്കെ ഫാമുകള്‍ ഉപയോഗിക്കാവുന്നതാണ്.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും അബൂദബി അഗ്രികള്‍ചര്‍ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് അബൂദബിയിലെ കൃഷിഭൂമിയില്‍ നിയമപരമായി നല്കാവുന്ന 71 സേവനപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. യു.എ.ഇയുടെ പൈതൃകം പ്രോത്സാഹിപ്പിക്കുക, ഫാം ഉടമകളുടെ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുക, കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പഴം-പച്ചക്കറി, പക്ഷി-മൃഗ ഉൽപാദനം, ഭക്ഷ്യോൽപാദനം, വിനോദം തുടങ്ങിയ വിഭാഗങ്ങളാണ് ഫാം സേവനത്തില്‍ ഉള്‍പ്പെടുത്തുക.
വിനോദ വിഭാഗങ്ങളിലാണ് താമസയിടങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫാമിന്റെ മൊത്തം വിസ്തൃതിയുടെ 30 ശതമാനത്തില്‍ കൂടുതല്‍ ഹോം സ്റ്റേ പാടില്ല. ട്രേഡ് ലൈസന്‍സ് നിര്‍ബന്ധമായും വേണം. 1536 ഫാമുകളാണ് അബൂദബി എമിറേറ്റില്‍ മാത്രം നിലവിലുള്ളത്. 2020ല്‍ 1300 കോടി ദിര്‍ഹത്തിന്റെ കാര്‍ഷിക ഉൽപന്നങ്ങളാണ് ഇത്തരം ഫാമുകള്‍ ഉൽപാദിപ്പിച്ചത്. 2021ല്‍ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 1.1 ശതമാനം കാര്‍ഷിക മേഖലയില്‍ നിന്നായിരുന്നു. നേരത്തേ തന്നെ ഫാം ടൂറിസത്തിന് ദുബൈയില്‍ ലഭ്യമാക്കിയ അനുമതി നിരവധി പേരാണ് ഗുണകരമായി ഉപയോഗിക്കുന്നത്. അബൂദബി എമിറേറ്റില്‍ ഹോം സ്റ്റേകള്‍ക്ക് അനുമതിയായതോടെ മലയാളികള്‍ അടക്കമുള്ള നിരവധി ഫാം ഹൗസ് ഉടമകള്‍ക്ക് വന്‍ സാധ്യതകളാണ് തുറന്നിരിക്കുന്നത്.

