കുന്നരുവിന് സ്നേഹം പകരാൻ അസീസിക്ക മടങ്ങുന്നു
text_fieldsദുബൈ: 18ാം വയസ്സിൽ യു.എ.ഇയിൽ എത്തിയതാണ് പയ്യന്നൂർ കുന്നരു പുതിയ പുഴക്കര അബ്ദുൽ അസീസ്. രാജ്യത്തിെൻറ വളർച്ച നേരിൽ കണ്ടറിഞ്ഞ നാലു പതിറ്റാണ്ടത്തെ പ്രവാസത്തിനൊടുവിൽ നാടണയാനൊരുങ്ങുകയാണ് അദ്ദേഹം. 23 വർഷം ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ ജോലി ചെയ്യാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിെൻറ സ്വീകാര്യതക്ക് ഉദാഹരണമാണ്.
1982ൽ നാട്ടിൽനിന്ന് ബസ് കയറി ബോംബെയിലെത്തിയാണ് അബൂദബിയിലേക്കു പറന്നത്. അന്നുതൊട്ട് ഇന്നുവരെ അബൂദബിയെ ചുറ്റിപ്പറ്റിയാണ് അദ്ദേഹത്തിെൻറ ജീവിതം. ജ്യേഷ്ഠെൻറ 'സുഹറ'കഫറ്റീരിയയിലായിരുന്നു ജോലി. ഇതിനിടയിൽ ഒറിജിനൽ സി.െഎ.ഡിയും വ്യാജ സി.െഎ.ഡിയും എത്തിയ സംഭവം അദ്ദേഹം ഒാർമിക്കുന്നു. ആദ്യം ഒരു മലയാളിയായിരുന്നു സി.െഎ.ഡി വേഷത്തിൽ എത്തിയത്. അവിടെയുള്ള എല്ലാവരോടും ബത്താക്ക ചോദിച്ച ശേഷം അയാൾ മടങ്ങി. സംശയം തോന്നിയ അസീസ് അയാളെ പിന്തുടർന്ന് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് വ്യാജനാണെന്നറിഞ്ഞത്. പണം തട്ടലായിരുന്നു ലക്ഷ്യം.
മറ്റൊരു സംഭവവും അസീസിെൻറ ഒാർമയിലുണ്ട്. നോമ്പുകാലത്ത് ഒരാൾ സ്ഥിരം കടയിൽ വരുമായിരുന്നു. ജീൻസും ടീഷർട്ടുമാണ് സ്ഥിരം വേഷം. എന്നും വന്ന് ജ്യൂസ് കുടിച്ച് മടങ്ങും. ഒരു ദിവസം അയാളുടെ പോക്കറ്റിൽ തോക്കിെൻറ ഹാൻഡിൽ കണ്ടു. ഇതോടെ സംശയം തോന്നിയ അസീസും ജ്യേഷ്ഠനും അടുത്ത ദിവസം അയാളെ പിന്തുടർന്നു. തൊട്ടടുത്തുള്ള ബിൽഡിങ്ങിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന പൊലീസിനോട് വിവരം അറിയിച്ചു. അവർ അയാളെ പിടികൂടി കൊണ്ടുപോയി. അടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ച് അയാൾ വീണ്ടും കഫറ്റീരിയയിൽ എത്തി. ഇത്തവണ ജീൻസിനും ടീഷർട്ടിനും പകരം ഒറിജിനൽ സി.െഎ.ഡി വേഷമായിരുന്നു. അപ്പോഴാണ് മനസ്സിലായത് അദ്ദേഹം സി.െഎ.ഡി ഉദ്യോഗസ്ഥനായിരുന്നു എന്ന കാര്യം. ഇതുപോലുള്ള നിരവധി ഒാർമകളുമായാണ് അദ്ദേഹം നാലാം തീയതി നാട്ടിലേക്കു മടങ്ങുന്നത്. നാട്ടുകാരിൽ പലർക്കും ഗൾഫിൽ ജോലി വാങ്ങിക്കൊടുക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യവും അദ്ദേഹത്തിനുണ്ട്. സ്വദേശികളും വിദേശികളുമായ നിരവധി സുഹൃത്തുകളെ സമ്പാദിക്കാനും കഴിഞ്ഞു. ബദരിയ സാംസ്കാരികവേദി അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയിരുന്നു.
55ാം വയസ്സിൽ നാട്ടിലേക്കു മടങ്ങുേമ്പാൾ അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ് 'കഴിയുന്നതും സാമ്പത്തികശേഷിയുണ്ടെങ്കിൽ കുടുംബവുമായി കഴിയുക. മക്കളുമായുള്ള അടുപ്പം കൂട്ടാൻ ഇത് ഉപകരിക്കും. മറക്കാൻ പറ്റാത്ത വ്യക്തിയാണ് വി.വി. കാസിമിക്ക. മതപരമായ കാര്യങ്ങൾ വലിയ ഗൗരവമായി കാണാത്ത എന്നെ അതേക്കുറിച്ച് പഠിപ്പിച്ചത് കാസിമിക്കയായിരുന്നു. അദ്ദേഹത്തിന് ആരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർഥിക്കുന്നു'. നാട്ടിൽ പോകുേമ്പാൾ അസീസിക്കായുടെ പ്രധാന ആശ്വാസവും ലക്ഷ്യവും കുടുംബത്തോടൊപ്പം ചെലവഴിക്കലാണ്. മകൻ അഫ്സൽ ദുബൈയിലുണ്ട്. മകൾ അസീനയുടെ വിവാഹം കഴിഞ്ഞു. ഇളയ മകൾ അസീബ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നു. ഭാര്യ: ഹഫ്സ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

