30 വർഷത്തെ പ്രവാസം: കുഞ്ഞി തങ്ങൾ നാട്ടിലേക്ക്
text_fieldsകുഞ്ഞി തങ്ങൾ
അൽഐൻ: മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുകയാണ് മുഹമ്മദ് കോയ തങ്ങൾ എന്ന സയ്യിദ് കുഞ്ഞി തങ്ങൾ. മലപ്പുറം വളവന്നൂർ വരമ്പനാല സ്വദേശിയായ ഇദ്ദേഹം 1992 ജൂണിലാണ് യു.എ.ഇയിൽ എത്തുന്നത്. അൽഐനിലുണ്ടായിരുന്ന സഹോദരൻ ബാപ്പുട്ടി തങ്ങളുടെ അടുത്തായിരുന്നു ആദ്യ മൂന്നു വർഷം. ഒരു സ്വകാര്യ വിസ തരപ്പെടുത്തി വിവിധ ജോലികൾ ചെയ്തു. കുറച്ചു കാലം സ്വന്തം ബിസിനസും നടത്തി. പിന്നീട് സർക്കാർ സർവിസിൽ ജോലി ലഭിച്ചു. 1995ൽ പബ്ലിക് പ്രോസിക്യൂഷൻ ഓഫിസിൽ മെസഞ്ചറായി ജോലിയിൽ പ്രവേശിച്ചു. 2022 ജൂൺ വരെ ഈ ജോലി തുടർന്നു.
അൽഐൻ സുന്നി സെന്ററിന്റെ സജീവ പ്രവർത്തകനായ ഇദ്ദേഹം അൽഐനിലെ ജനസേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കോടതിയിലെ ബന്ധങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി, അൽഐനിൽ മരിക്കുന്നവരുടെ കോടതി മുഖേന ലഭിക്കേണ്ട രേഖകൾ പെട്ടെന്ന് ശരിയാക്കുകയും മരണാനന്തര നടപടിക്രമങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്തു. നാട്ടിൽ എത്തിയാലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടണമെന്നാണ് ആഗ്രഹം. കഴിഞ്ഞ രണ്ടുവർഷമായി അൽഐൻ മെസ് യാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയാണ്. ഖൈറുന്നീസയാണ് ഭാര്യ. മക്കൾ: ഫാത്തിമ മുഹ്സിന, സയ്യിദ് അഹമ്മദ് ഫയാസ്. അൽഐൻ സുന്നി സെന്റർ പ്രവർത്തകസമിതി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ കുഞ്ഞി തങ്ങൾക്ക് അൽഐൻ സുന്നി സെന്റർ ബുധനാഴ്ച രാത്രി യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

