ബിസിനസ് ബേയിൽ ബസ് ഓൺ ഡിമാൻഡ് നിരക്ക് കുറച്ചു
text_fieldsദുബൈ: ബിസിനസ് ബേ മേഖലകളിൽ ബസ് ഓൺ ഡിമാൻഡിന്റെ ടിക്കറ്റ് നിരക്ക് കുറച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. അഞ്ച് ദിർഹമിൽ നിന്ന് രണ്ട് ദിർഹമായാണ് നിരക്ക് കുറച്ചത്. ഡിസംബർ 20 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലായി.
ബിസിനസ് ബേ മേഖലകളിൽ ബസ് ഓൺ ഡിമാൻഡിന് ആവശ്യക്കാർ വർധിച്ചുവരുകയാണെങ്കിലും കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആർ.ടി.എയുടെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ശാക്കിരി പറഞ്ഞു. ഡിമാൻഡ് കണക്കിലെടുത്ത് അടുത്ത വർഷം ആദ്യ പകുതിയോടെ ബസ് ഡിമാൻഡ് സർവിസ് ബിസിനസ് ബേയിലെ 10 സ്ഥലങ്ങളിൽ കൂടി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
41 ബസുകൾ ഇതിനായി സർവിസ് നടത്തും. ദുബൈ ബസ് ഓൺ ഡിമാൻഡ് ആപ്പിലൂടെ സീറ്റുകൾ ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന സംവിധാനമാണ് ബസ് ഓൺ ഡിമാൻഡ്. തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് മാത്രമാണ് സർവിസ്. നിശ്ചിത സ്ഥലങ്ങളെ ആപ്പുമായി ബന്ധിപ്പിച്ച് ചെറു ബസുകൾ ഉപയോഗിച്ചാണ് സർവിസ്. ഉപഭോക്താക്കൾക്ക് പോവേണ്ട സ്ഥലം നിശ്ചയിക്കാനും ആപ്പിലൂടെ തന്നെ പണമടക്കാനും കഴിയും.

