ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലത്തുക ഷാർജ പൊലീസ് സംഭാവന ചെയ്യും
text_fieldsഷാർജ: ഏറ്റവും ഡിമാൻറുള്ള മൂന്ന് നമ്പർ പ്ലേറ്റുകൾ ലേലം ചെയ്ത് ലഭിക്കുന്ന തുക ഷാർജ പൊലീസ് ജീവകാരുണ്യ സംഘമായ ദി ബിഗ് ഹാർട്ട് ഫൗണ്ടേഷന് സംഭാവന ചെയ്യും.ഇൗ മാസം 21ന് എമിറേറ്റ്സ് ഒാക്ഷനുമായി സഹകരിച്ച് ലേലം ചെയ്യുന്ന 55 നമ്പർ പ്ലേറ്റുകളിൽ 111,303,3333 എന്നിവയുടെ തുകയാണ് ഫൗണ്ടേഷന് നൽകുക. ഷാർജ മീഡിയാ കൗൺസിൽ ചെയർമാനും ഫൗണ്ടേഷൻ അംബാസഡറുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമി, ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അശ്ശംസി, എമിറേറ്റ്സ് ഒാക്ഷൻ ചെയർമാൻ അബ്ദുല്ല മത്താർ അൽ മന്നാഇ, ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ മറിയം അൽ ഹമ്മാദി എന്നിവരുടെ സാന്നിധ്യത്തിൽ ഷാർജ പൊലീസ് ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നേരത്തേ ഷാർജ പൊലീസും ഫൗണ്ടേഷനും പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
3, 13, 30, 44, 115, 131, 210, 311, 456, 500, 609, 696, 990 തുടങ്ങിയ നമ്പറുകൾ ലേലത്തിനുണ്ടാവും.
ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഷാർജ പൊലീസ് നൽകിയ മഹത്തായ പിന്തുണയാണ് ഇൗ ഉദ്യമമെന്ന് ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമി പറഞ്ഞു. നൻമയും സ്നേഹവും ലോകമെമ്പാടും പരത്താനുള്ള ഷാർജയുടെ ദൗത്യത്തിന് വലിയ സംഭാവനകളർപ്പിക്കാൻ ഷാർജ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് മേജർ ജനറൽ സൈഫ് അൽ സാരി അശ്ശംസി വ്യക്തമാക്കി. ശൈഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി തുടക്കമിട്ട ഫൗണ്ടേഷൻ ഫലസ്തീൻ, ഇറാഖ്, ലബനൻ,ജോർദാൻ എന്നിവിടങ്ങളിലും റോഹിംഗ്യൻ അഭയാർഥി ക്യാമ്പുകളിലും മറ്റുമായി പതിയായിരക്കണക്കിന് കുടുംബങ്ങൾക്ക് അഭയമൊരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
