അഞ്ചു കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യൽ; 10,000 ദിർഹം ശമ്പളം വേണം
text_fieldsദുബൈ: കുടുംബ വിസയെടുക്കുന്നവർക്ക് പുതിയ നിബന്ധനയുമായി യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി. 10,000 ദിർഹമെങ്കിലും ശമ്പളമുള്ളവർക്ക് മാത്രമേ അഞ്ചു കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ കഴിയു എന്നാണ് പുതിയ നിബന്ധന. ആറുപേരുണ്ടെങ്കിൽ 15,000 ദിർഹം ശമ്പളമുണ്ടാകണമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞവർഷം ഒക്ടോബറിൽ നിലവിൽവന്ന യു.എ.ഇ കാബിനറ്റ് നിയമപ്രകാരം ഫെഡറൽ അതോറിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസിയാണ് ഉത്തരവിറക്കിയത്. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നയാൾക്ക് ആവശ്യമായ താമസ സൗകര്യമുണ്ടായിരിക്കണം. ആറുപേരിൽ കൂടുതലുണ്ടെങ്കിൽ ഡയറക്ടറേറ്റ് ജനറൽ അപേക്ഷ വിലയിരുത്തും. ഇതിനുശേഷം മാത്രമേ സ്പോൺസർഷിപ്പിന് അനുവാദം നൽകൂ. അടുത്തിടെ അനുമതി നൽകിയ 15ഒാളം വിസകളുമായി ബന്ധപ്പെട്ട നിബന്ധനകളും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
യു.എ.ഇയുടെ അതിർത്തി രാജ്യങ്ങളിലുള്ളവർക്ക് വിമാനത്താവളത്തിൽ തന്നെ 90 ദിവസ വിസ ലഭിക്കും. ഇത്തരം വിസക്കാർക്ക് പലതവണ യു.എ.ഇയിൽ പ്രവേശിക്കാമെങ്കിലും 48 മണിക്കൂറിൽ കൂടുതൽ തങ്ങരുത്. ഈ വിസ ഉപയോഗിച്ച് ജോലിചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല. പാസ്പോർട്ടോ എമിറേറ്റ്സ് ഐ.ഡിയോ നഷ്ടപ്പെട്ടാലുള്ള നടപടിക്രമങ്ങളും പുതിയ നിബന്ധനയിൽ സൂചിപ്പിക്കുന്നുണ്ട്. സന്ദർശക വിസക്കാർക്ക് ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാനാകും. എന്നാൽ, വിവിധ വിസകൾക്കനുസരിച്ച് ഇതിന്റെ നിബന്ധനകൾ വ്യത്യാസപ്പെട്ടിരിക്കും. ഇത്തരം വിസക്കാർക്ക് 180 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ കഴിയില്ല. ഗോൾഡൻ വിസക്കാർ, സിൽവർ വിസക്കാർ, ഇവരുടെ കുടുംബാംഗങ്ങൾ ഒഴികെയുള്ളവർ രാജ്യത്തിന് പുറത്ത് 180 ദിവസത്തിൽ കൂടുതൽ തങ്ങിയാൽ വിസ റദ്ദാകുമെന്നും നിർദേശത്തിൽ പറയുന്നു. എന്നാൽ, രാജ്യത്തിന് പുറത്ത് ആറ് മാസത്തിൽ കൂടുതൽ തങ്ങേണ്ടി വന്ന സാഹചര്യം വ്യക്തമാക്കി അപേക്ഷ നൽകിയാൽ വീണ്ടും പ്രവേശനം ലഭിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

