‘കുടുംബം: കാലം, കരുതൽ’ യു.ഐ.സി കാമ്പയിൻ
text_fields‘കുടുംബം: കാലം, കരുതൽ’ യു.ഐ.സി കാമ്പയിൻ ഉദ്ഘാടനം ടി.വി. ഇബ്രാഹിം എം.എൽ.എ നിർവഹിക്കുന്നു
ദുബൈ: കാമ്പസുകളെ നാസ്തികതയുടെയും ലിബറലിസത്തിന്റെയും തടവറയിലാക്കാൻ ബോധപൂർവമായ ശ്രമമുണ്ടെന്നും അതിനെതിരെ സമൂഹത്തിന്റെ കരുതലുണ്ടാകണമെന്നും ടി.വി. ഇബ്രാഹിം എം.എൽ.എ അഭിപ്രായപ്പെട്ടു. ‘കുടുംബം: കാലം, കരുതൽ’ എന്ന പ്രമേയത്തിൽ യു.എ.ഇ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെയും അധാർമികതയുടെയും കുത്തൊഴുക്കുകൾക്കെതിരെ പുതിയ കാലത്ത് കുടുംബങ്ങളെ കരുതലോടെ ചേർത്തുപിടിക്കാനുള്ള ഇസ്ലാഹി സെന്ററിന്റെ ശ്രമങ്ങൾ ശ്ലാഘനീയമാണ്. കുടുംബ ജീവിതത്തെയും സാംസ്കാരിക മൂല്യങ്ങളെയും തകർക്കുന്ന ലഹരിയുടെ വ്യാപനത്തെ പ്രതിരോധിക്കാൻ ഒരു ജനപ്രതിനിധിയെന്ന നിലയിൽ പരമാവധി പരിശ്രമങ്ങൾ നടത്തുമെന്നും എം.എൽ.എ ഉറപ്പുനൽകി.
ഇസ്ലാഹി സെന്ററിന്റ ഭവന നിർമാണ പദ്ധതിയായ യു.ഐ.സി മസ്കൻ ഭവനപദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. സമൂഹത്തിലെ ഏറ്റവും അർഹരായവർക്ക് വീട് നിർമിച്ചു നൽകുന്ന യു.ഐ.സിയുടെ മഹത്തായ പദ്ധതിയാണ് മസ്കൻ. ദുബൈ കറാമ സെന്ററിൽ നടന്ന കാമ്പയിൻ ഉദ്ഘാടന സംഗമത്തിൽ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്ന് നിരവധി കുടുംബങ്ങൾ പങ്കെടുത്തു. സംഗമത്തിൽ മുജീബ് റഹ്മാൻ പാലക്കൽ, നൗഫൽ മരുത, പി.എ. സമദ്, തൻസീൽ ശരീഫ്, അഷ്റഫ് കീഴ്പറമ്പ്, സുഹ്റ പറമ്പാട്ട് എന്നിവർ സംബന്ധിച്ചു. കാമ്പയിൻ പ്രമേയം വിശദീകരിച്ച് അസൈനാർ അൻസാരി, സൽമാനുൽ ഫാരിസ്, മുജീബ് റഹ്മാൻ പാലത്തിങ്കൽ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.