ബ്രേക്കിന് പകരം അമർത്തിയത് ആക്സിലറേറ്റർ; അപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിർഹം ദിയാധനം
text_fieldsദുബൈ: കാറപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ ബന്ധുക്കൾക്ക് ഡ്രൈവർ രണ്ട് ലക്ഷം ദിയാധനം നൽകാൻ കോടതി വിധി. ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും 10,000 ദിർഹം പിഴയീടാക്കാനും കോടതി നിർദേശിച്ചു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഡ്രൈവർ ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലറേറ്റർ അമർത്തിയതാണ് അപകടത്തിന് കാരണം. നിയന്ത്രണം നഷ്ടപ്പെട്ട കാർ നടപ്പാതയിലേക്ക് കയറുകയും ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന യുവതിയെ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏഷ്യൻ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് ഡ്രൈവർക്കെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തിരുന്നു. ട്രാഫിക് കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. അഞ്ച് ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇരയുടെ കുടുംബം ഡ്രൈവർക്കെതിരെയും ഇൻഷുറൻസ് കമ്പനിക്കെതിരെയും കേസ് നൽകിയത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു യുവതിയെന്ന് ബന്ധുക്കൾ കോടതിയെ ബോധിപ്പിച്ചു. എന്നാൽ, ട്രാഫിക് കോടതി വിധിക്കെതിരെ പ്രതിഭാഗം ദുബൈ കോടതിയിൽ അപ്പീൽ നൽകി. ക്രിമിനൽ നടപടി പ്രകാരം കേസ് നിലവിൽ തീർന്നതാണെന്നായിരുന്നു ഇവരുടെ വാദം. പക്ഷേ, തെളിവുകൾ വിലയിരുത്തിയ കോടതി അഞ്ചു ലക്ഷം ദിർഹം അധികമാണെന്നും വ്യക്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

