ഫാൽക്കൺ ഇന്‍റർചേഞ്ച് നിർമാണം പകുതി പിന്നിട്ടു
text_fieldsനിർമാണം പുരോഗമിക്കുന്ന ഫാൽക്കൺ ഇന്‍റർചേഞ്ച്
ദുബൈ: അൽ ഷിന്ദഗ കോറിഡോറിലൂടെ ഗതാഗതം സുഗമമാക്കുകയും അൽ ഖലീജ്, അൽ മിന സ്ട്രീറ്റുകളുടെ ശേഷി വർധിപ്പിക്കുകയും ചെയ്യുന്ന ഫാൽക്കൺ ഇന്‍റർചേഞ്ച് പദ്ധതി നിർമാണം 55 ശതമാനം പൂർത്തിയായി.
അൽ ഖലീജ്, ഖാലിദ് ബിൻ അൽ വലീദ്, അൽ ഗുബൈബ സ്ട്രീറ്റുകൾക്ക് ഇടയിലാണ് ഫാൽക്കൺ ഇന്‍റർചേഞ്ച് പദ്ധതി പുരോഗമിക്കുന്നത്.ഷിന്ദഗയിലെ ഇൻഫിനിറ്റി പാലത്തിന് വടക്കുഭാഗവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
അൽ മിന, അൽ ഖലീജ്, കെയ്‌റോ സ്ട്രീറ്റുകളിലൂടെ 13 കിലോമീറ്റർ നീളുന്ന അൽ ഷിന്ദഗ റോഡ് കോറിഡോർ വികസനപദ്ധതിയുടെ ഭാഗമാണ് ഇന്‍റർചേഞ്ചെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഡയറക്ടർ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു. പദ്ധതി ട്രാഫിക് സുരക്ഷ വർധിപ്പിക്കുകയും റാശിദ് തുറമുഖത്തിന് എൻട്രി, എക്‌സിറ്റ് പോയന്‍റുകൾ നൽകുകയും പുതിയ പാലത്തിന് കീഴിൽ കൂടുതൽ പാർക്കിങ് സ്ഥലങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഷിന്ദഗ ടണലിനെ ഇൻഫിനിറ്റി ബ്രിഡ്ജും ദേര വശവുമായും ബന്ധിപ്പിക്കുന്ന വടക്കുഭാഗത്തെ പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.
പദ്ധതിക്ക് കീഴിലെ പാലങ്ങളുടെയും തുരങ്കങ്ങളുടെയും ശേഷി മണിക്കൂറിൽ 28,800 വാഹനങ്ങളാണ്. അൽ ഖലീജ് സ്ട്രീറ്റിൽ രണ്ട് പാലങ്ങൾ നിർമിക്കുന്നതും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യത്തെ പാലം 750 മീറ്റർ വടക്ക് ഭാഗത്തേക്കും രണ്ടാമത്തേത് 1,075 മീറ്റർ തെക്കുഭാഗത്തേക്കും നീളുന്നതാണ്.
രണ്ട് ദിശകളിലുമായി മണിക്കൂറിൽ 24,000 വാഹനങ്ങൾ വരെ സഞ്ചരിക്കാൻ കഴിയുന്ന പാലങ്ങളാണിത്. ഓരോ ദിശയിലും ആറ് വരി റോഡുകളാണ് ഇതിനുണ്ടാവുക.നിലവിൽ ആർ.ടി.എ ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് അൽ ഷിന്ദഗ കോറിഡോർ പദ്ധതി.വൻ പദ്ധതിയായതിനാൽ ഇത് ഏഴ് ഘട്ടങ്ങളായാണ് പൂർത്തിയാക്കുന്നത്.നിലവിൽ ആറ് ഘട്ടങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

