103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി
text_fieldsമേജർ ജനറൽ ഹാരിബ് മുഹമ്മദ് അൽ ശംസിയുടെ അധ്യക്ഷതയിൽ ചേർന്ന വിലയിരുത്തൽ യോഗം
ദുബൈ: കുറ്റകൃത്യങ്ങൾക്കായി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, 2026ന്‍റെ രണ്ടാം പാദത്തിൽ 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിയതായി ദുബൈ പൊലീസ്. ഓൺലൈൻ തട്ടിപ്പുകളിൽനിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാൻ ഇത് സഹായകമായതായി അധികൃതർ ചൂണ്ടിക്കാട്ടി.
പൊതുജന സുരക്ഷ ശക്തമാക്കുന്നതിനായി നടപ്പാക്കിയ മുൻകരുതൽ നടപടികൾ, ആധുനിക സാങ്കേതികവിദ്യകൾ, ഇന്റലിജൻസ് അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവയുടെ ഫലമായി ഈ വർഷത്തെ ആദ്യ പകുതിയിൽ കുറ്റകൃത്യ നിരക്കുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ദുബൈ പൊലീസ് അറിയിച്ചു.
ക്രിമിനൽ അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് മുഹമ്മദ് അൽ ശംസിയുടെ അധ്യക്ഷതയിൽ ചേർന്ന വിലയിരുത്തൽ യോഗത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ജനറൽ ഡിപാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ പ്രവർത്തന നേട്ടങ്ങളും കുറ്റകൃത്യങ്ങളുടെ രീതികളും സുപ്രധാന പദ്ധതികളും യോഗം വിലയിരുത്തി.
ആന്റി-ഫ്രോഡ് സെന്ററിന്റെ പ്രവർത്തനങ്ങൾ, ലഭിച്ച പരാതികളുടെ എണ്ണം, തട്ടിപ്പുകാർ ഉപയോഗിക്കുന്ന രീതികൾ, സാമ്പത്തിക-ഓൺലൈൻ തട്ടിപ്പുകളിലെ പുതിയ വെല്ലുവിളികൾ എന്നിവയും യോഗം ചർച്ച ചെയ്തു.
കുറ്റകൃത്യനിരക്കുകളിൽ കുറവ്
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷത്തെ ആദ്യ പകുതിയിലെ കുറ്റകൃത്യനിരക്കുകളിൽ കുറവ് വന്നതായി യോഗം വിലയിരുത്തി. വ്യാജരേഖ ചമയ്ക്കൽ, സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന കുറ്റകൃത്യങ്ങളിൽ കുറവുണ്ടായി.
സംയോജിത ഫീൽഡ് പ്രവർത്തനങ്ങൾ, മുൻകൂട്ടിയുള്ള അന്വേഷണങ്ങൾ, എ.ഐ ഉൾപ്പെടെ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, സ്ഥാപനങ്ങൾക്കിടയിലെ മികച്ച ഏകോപനം എന്നിവയാണ് ഈ നേട്ടത്തിന് പിന്നിൽ. കുറ്റകൃത്യ രീതികളെക്കുറിച്ചും മുൻകരുതൽ നടപടികളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ നടത്തുന്ന പ്രചാരണങ്ങളും ഇതിന് സഹായകരമായി.
സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമതയുടെയും പ്രത്യേക സംഘങ്ങളുടെ അർപ്പണബോധത്തിന്റെയും തെളിവാണ് ഈ പോസിറ്റീവ് ഫലങ്ങളെന്ന് മേജർ ജനറൽ അൽ ശംസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

