വ്യാജ ബലിമൃഗ പരസ്യങ്ങൾ: മുന്നറിയിപ്പുമായി ദുബൈ പൊലീസ്
text_fieldsദുബൈ: സമൂഹ മാധ്യമങ്ങളിലെ വ്യാജ ബലിമൃഗ പരസ്യങ്ങൾക്കെതിരെയും സംശയാസ്പദ വെബ്‌സൈറ്റുകൾക്കെതിരെയും മുന്നറിയിപ്പുമായി ദുബൈ പൊലീസ്. കുറഞ്ഞ വിലയിലും ആകർഷകമായ ഓഫറുകളിലും ബലിമൃഗങ്ങളെ വാങ്ങാനുള്ള പൊതുജനങ്ങളുടെ താല്പര്യത്തെ ചൂഷണം ചെയ്യുന്നതിനായി തട്ടിപ്പുകാർ വ്യാജ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുകയാണ്. ഇതിലൂടെ പണം തട്ടിയെടുക്കുകയാണ് ലക്ഷ്യം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വെബ്‌സൈറ്റുകളിലൂടെയും ബലിമൃഗങ്ങളെ വിൽപന നടത്തുന്നു എന്ന വ്യാജേന നടത്തുന്ന ഇലക്ട്രോണിക് തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് പൊലീസ് വിശദീകരിച്ചു. വ്യാജ ചിത്രങ്ങളും ഓഫറുകളും അടങ്ങിയ വഞ്ചനാപരമായ പരസ്യങ്ങളാണ് തട്ടിപ്പുകാർ പോസ്റ്റ് ചെയ്യുന്നത്.
ബലിമൃഗങ്ങളെ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനോ ഡെലിവറി ചെയ്യുന്നതിനോ വേണ്ടി മുൻകൂർ പണം ആവശ്യപ്പെടും. പണം ലഭിച്ചു കഴിഞ്ഞാൽ, മൃഗത്തെ എത്തിച്ചുനൽകാതെ മുങ്ങുകയാണ് തട്ടിപ്പുരീതി. പണം നൽകിയവരുടെ സന്ദേശങ്ങളോട് പ്രതികരിക്കാതെ ഇത്തരം പരസ്യക്കാർ അപ്രത്യക്ഷമാവും. ബലിമൃഗങ്ങളെ വാങ്ങുമ്പോൾ അതീവ ശ്രദ്ധയും ജാഗ്രതയും പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. യുക്തിക്ക് നിരക്കാത്ത കുറഞ്ഞ വിലകളിലോ അതിശയോക്തിപരമായ ഓഫറുകളിലോ വശംവദരാകരുത്. പണം കൈമാറുന്നതിനോ വാങ്ങുന്നതിനോ മുമ്പ് വിൽപനക്കാരന്‍റെ വിശ്വാസ്യത കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം.
സമൂഹ മാധ്യമങ്ങളിലെ അപരിചിതമോ സ്ഥിരീകരിക്കാത്തതോ ആയ അക്കൗണ്ടുകൾ പൂർണമായി ഒഴിവാക്കി, അംഗീകൃത സ്ഥാപനങ്ങളുമായും അറിയപ്പെടുന്ന ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളുമായും മാത്രം ഇടപാടുകൾ നടത്തണമെന്നും പൊലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പു ശ്രമങ്ങളോ, തെറ്റായ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന സംശയാസ്പദ അക്കൗണ്ടുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാൻ ദുബൈ പൊലീസ് ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ, അല്ലെങ്കിൽ അടിയന്തരമല്ലാത്ത സാഹചര്യങ്ങൾക്കായുള്ള 901 എന്ന നമ്പറിൽ വിളിച്ചോ വിവരം അറിയിക്കാം. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊതുജനങ്ങളുടെ സഹകരണം സുപ്രധാനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

