ദുബൈയിൽ 4.2 കോടിയുടെ വ്യജ ഉൽപന്നങ്ങൾ പിടികൂടി
text_fieldsദുബൈ: ഈ വർഷം ആദ്യപാദത്തിൽ ദുബൈ കസ്റ്റംസ് എമിറേറ്റിൽനിന്ന് പിടികൂടിയത് 4.21 കോടി വില വരുന്ന വ്യാജ ഉൽപന്നങ്ങൾ. 68 പരിശോധനകളിലൂടെയാണ് കോടികൾ വിലവരുന്ന വ്യാജ ഉൽപന്നങ്ങൾ കണ്ടെത്തിയത്. വാച്ചുകൾ, കണ്ണടകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, തുണിത്തരങ്ങൾ, ബാഗുകൾ, ഷൂസുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
ഈ വർഷം ഇതുവരെ 430 വ്യാപാര മുദ്രകൾ, 205 വാണിജ്യ ഏജൻസികൾ, ആറ് ബൗദ്ധിക സ്വത്താവകാശ ആസ്തികൾ എന്നിവ രജിസ്റ്റർ ചെയ്തതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം വ്യാജ ബ്രാൻഡുകൾക്കെതിരെ നടത്തിയ 285 നീക്കങ്ങളിലൂടെ 9.26 കോടി വില വരുന്ന വ്യാജ ഉൽപന്നങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ആ വർഷം 159 വ്യാപാര മുദ്രകളും 63 വാണിജ്യ ഏജൻസികളും ഒരു ബൗദ്ധിക സ്വത്തവകാശ ആസ്തിയും രജിസ്റ്റർ ചെയ്തു. വ്യാജ വസ്തുക്കളുടെ വിതരണം തടയുന്നതിനായി വിവിധ ബോധവത്കരണ വർക്ക്ഷോപ്പുകളും ബൗദ്ധിക സ്വത്തവകാശ ആസ്തികൾ സംരക്ഷിക്കുന്നതിനുള്ള വൈദഗ്ധ്യം ശക്തിപ്പെടുത്തുന്നതിനായി 31ഉദ്യോഗസ്ഥർക്ക് നിയമ മന്ത്രാലയവുമായി സഹകരിച്ച് പരിശീലനവും ദുബൈ കസ്റ്റംസ് സംഘടിപ്പിച്ചിരുന്നു.
സമൂഹത്തെയും പരിസ്ഥിതിയെയും സമ്പദ്വ്യവസ്ഥയെയും വ്യാജ ഉൽപന്നങ്ങളുടെ അപകടങ്ങളിൽ നിന്നും രക്ഷിക്കുന്നതിനൊപ്പം വ്യക്തികൾക്കും വ്യാപാരികൾക്കും അവരുടെ ആശയങ്ങളിൽ നിന്നും സൃഷ്ടികളിൽ നിന്നുമുള്ള ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ബൗദ്ധിക സ്വത്തവകാശ ആസ്തി സംരക്ഷണത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
വ്യാജ ബ്രാന്റഡ് ഉൽപന്നങ്ങൾ വിൽപന നടത്തുന്നത് തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. കൂടാതെ ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും പ്രതികളെ നാടുകടത്തുകയും ചെയ്യും. വ്യാജ വ്യാപാര മുദ്രകൾ നിർമിച്ചാൽ ജയിൽ ശിക്ഷയും ഒരു ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കും. വ്യാജ ഉൽപന്നങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കും കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

