Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ ഇൻഷുറൻസ് പരസ്യങ്ങൾ: ജാഗ്രത നിർദേശവുമായി പൊലീസ്

text_fields
bookmark_border
വിപണി നിരക്കുകളേക്കാൾ വളരെ കുറഞ്ഞ നിരക്ക്​ വാഗ്ദാനം ചെയ്താണ്​ തട്ടിപ്പ്
വ്യാജ ഇൻഷുറൻസ് പരസ്യങ്ങൾ: ജാഗ്രത നിർദേശവുമായി പൊലീസ്
cancel

ദുബൈ: സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിക്കുന്ന വ്യാജ ഇൻഷുറൻസ് ഓഫറുകളിൽ വീഴരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുബൈ പോലീസ്. വിശ്വസിക്കാൻ കഴിയാത്തവിധം കുറഞ്ഞ നിരക്കുകൾ കാണിച്ച് ആകർഷകമായി ഒരുക്കുന്ന പരസ്യങ്ങളിലൂടെ തട്ടിപ്പുകാർ ആളുകളെ വഞ്ചിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നതായി പൊലീസ് അറിയിച്ചു.

‘തട്ടിപ്പിനെതിരെ ജാഗ്രത’ എന്ന ബോധവൽക്കരണ കാമ്പയിന്‍റെ ഭാഗമായി ദുബൈ പൊലീസിന്‍റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപാർട്ട്‌മെന്‍റിന് കീഴിലുള്ള ആന്‍റി ഫ്രോഡ് സെന്‍ററാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കുറഞ്ഞ വിലയിലും ആകർഷകമായ ഓഫറുകളിലും ഇൻഷുറൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് ഇത്തരം വ്യാജ കമ്പനികൾ ലക്ഷ്യമിടുന്നത്.

വിപണിയിലെ യഥാർഥ നിരക്കുകളേക്കാൾ വളരെ കുറഞ്ഞ വില വാഗ്ദാനം ചെയ്താണ്​ സോഷ്യൽ മീഡിയയിൽ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നത്​. വാഹനങ്ങൾക്കോ ആരോഗ്യ ഇൻഷുറൻസിനോ വേണ്ടിയുള്ള പോളിസികൾ ഉടനടി ലഭ്യമാക്കുമെന്നാണ്​ ഇവരുടെ അവകാശവാദം. യു.എ.ഇയിലെ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നിയമപരമായ ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകാതെ, പണം വേഗത്തിൽ ട്രാൻസ്ഫർ ചെയ്യാൻ ഇവർ സമ്മർദം ചെലുത്തുന്നു.

എന്നാൽ, യു.എ.ഇയിൽ അംഗീകാരമുള്ള ഇൻഷുറൻസ് കമ്പനികൾ കൃത്യമായ സർക്കാർ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് പ്രവർത്തിക്കുന്നതെന്ന് ആന്‍റി ഫ്രോഡ് സെന്‍റർ ഓർമിപ്പിച്ചു. ഇത്തരം കമ്പനികൾ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കൃത്യമായ ചട്ടങ്ങൾ പാലിക്കുന്നുണ്ട്. പണം കൈമാറുന്നതിന് മുൻപായി ഇൻഷുറൻസ് കമ്പനിയുടെയോ ബ്രോക്കറുടെയോ ലൈസൻസ് കൃത്യമായി പരിശോധിക്കണം.

എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ‘ഇ ക്രൈം’ പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട്​ ചെയ്യണം. അടിയന്തരമല്ലാത്ത സാഹചര്യങ്ങൾക്കായുള്ള 901 എന്ന നമ്പറിൽ വിവരമറിയിക്കാമെന്നും ദുബൈ പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fake insurance advertisements: Police issue cautionary warning
Next Story