ഗ്ലോബൽ വില്ലേജിന്‍റെ വ്യാജ ടിക്കറ്റുകൾ ഓൺലൈനിൽ
text_fieldsഗ്ലോബൽ വില്ലേജിന്‍റെ വ്യാജ ടിക്കറ്റ്
ദുബൈ: എമിറേറ്റിലെ പ്രധാന വിനോദ ആകർഷണങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്‍റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെ ഓൺലൈനിലും വിവിധ സമൂഹ മാധ്യമ ഫ്ലാറ്റ്ഫോമുകളിലും വ്യാജ വി.ഐ.പി ടിക്കറ്റുകൾ വ്യാപകമായി പ്രചരിക്കുന്നതായി ദുബൈ പൊലീസിന്‍റെ മുന്നറിയിപ്പ്.
ആകർഷകമായ വിലയിലാണ് വ്യാജ ടിക്കറ്റുകൾ വിൽപനക്ക് വെച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്ക് വിവരങ്ങൾ ചോർത്താനും പണം തട്ടിയെടുക്കാനും കഴിയുന്ന രീതിയിലാണ് ലിങ്കുകളുടെ രൂപകൽപന. എല്ലാവർഷവും ഗ്ലോബൽ വില്ലേജ് തുറക്കുന്നതിനോടനുബന്ധിച്ച് ഇത്തരം വ്യാജ ലിങ്കുകൾ പ്രത്യക്ഷപ്പെടാറുണ്ട്.
പ്രവേശന ടിക്കറ്റിന് വലിയ രീതിയിൽ ആവശ്യക്കാരുണ്ടെന്ന് കണ്ടാണ് ഗ്ലോബൽ വില്ലേജിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന്റെ അതേ രൂപത്തിൽ വ്യാജ ലിങ്കുകൾ തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഗ്ലോബൽ വില്ലേജിന്‍റെ ഔദ്യോഗിക വെബ്സൈറ്റാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ടിക്കറ്റുകൾ വാങ്ങണമെന്ന് ദുബൈ പൊലീസ് അഭ്യർഥിച്ചു.
വെബ്സൈറ്റ് കൂടാതെ മൊബൈൽ ആപ്പ്, അംഗീകൃത ഔട്ട്ലറ്റ് എന്നിവയാണ് ടിക്കറ്റുകൾ ലഭ്യമാകുന്ന മറ്റ് വിശ്വസനീയമായ മാർഗങ്ങൾ. അതോടൊപ്പം അനാവശ്യ ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന ലിങ്കുകൾ ഒഴിവാക്കണമെന്നും സംശയകരായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇ-ക്രൈം പ്ലാറ്റ്ഫോമിലോ 901 എന്ന നമ്പറിലോ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

