വൻ ഓഫറുമായി വ്യാജ ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ
text_fieldshttps://www.madhyamam.com/tags/domestic-worker
ദുബൈ: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനത്തിലൂടെ യുവതിക്ക് 10,000 ദിർഹം നഷ്ടമായതായി പൊലീസ് അറിയിച്ചു. ആകർഷകമായ ഓഫറുകളുമായി എത്തുന്ന തട്ടിപ്പുകാർ പണം കൈക്കലാക്കിയ ശേഷം പെട്ടെന്ന് അപ്രത്യക്ഷരാകുകയാണ് പതിവ്. പിന്നീട് ഇരകൾക്ക് ഇവരെ ബന്ധപ്പെടാൻ സാധിക്കാറില്ല. ഗാർഹിക തൊഴിലാളികൾക്ക് മികച്ച ഓഫറുകളുമായി എത്തുന്ന, വ്യാജ റിക്രൂട്ട്മെന്റ് ഓഫിസുകളുമായും സമൂഹ മാധ്യമ അക്കൗണ്ടുകളുമായുമുള്ള ഇടപാടുകൾ ഒഴിവാക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
തെറ്റിദ്ധരിപ്പിക്കുന്നതും നിയമപരമല്ലാതെ പ്രവർത്തിക്കുന്നതുമായ അജ്ഞാതരായ വ്യക്തികളുമായും ഇടപെടൽ ഒഴിവാക്കണം. സംശയകരമായ രീതിയിലുള്ള ഇത്തരം നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ, ഇ-ക്രൈം പ്ലാറ്റ്ഫോം എന്നിവയിലോ 901 എന്ന നോൺ എമർജൻസി നമ്പറിലോ അറിയിക്കാം. ഓൺലൈൻ തട്ടിപ്പിൽ അകപ്പെടുന്നവർക്ക് ബോധവത്കരണം നൽകുന്നതിനായി ദുബൈ പൊലീസ് നടത്തിവരുന്ന ‘തട്ടിപ്പ് സൂക്ഷിക്കുക’ എന്ന കാമ്പയിനിന്റെ ഭാഗമായാണ് പുതിയ മുന്നറിയിപ്പ്.
വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുകയോ പണമടക്കുകയോ ചെയ്യുന്നതിനുമുമ്പ് സേവന ദാതാക്കളുടെ നിയമപരമായ സാധുത പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും പൊലീസ് വ്യക്തമാക്കി. റിക്രൂട്ട്മെന്റ് ഏജൻസികൾ ചമഞ്ഞ്, ഗാർഹിക തൊഴിലാളികളെയും ജീവനക്കാരെയും സംഘടിപ്പിച്ചുനൽകുന്നുവെന്ന് അവകാശപ്പെട്ട് ചിലർ നടത്തിയ പ്രചാരണത്തിനെതിരെ മുമ്പും പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
നിയമപരമല്ലാത്ത മാർഗങ്ങളിലൂടെ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് ഒരു കാരണവശാലും പണം നൽകരുത്. തൊഴിൽ ദാതാക്കൾ, ജോലിക്കാർ, റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അംഗീകൃത റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ പിന്തുടരേണ്ടത് നിർണായകമാണെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

