Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകമ്പനി നൽകിയ വ്യാജ രേഖ...

കമ്പനി നൽകിയ വ്യാജ രേഖ മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ചു; ഷാർജയിൽ കേസിൽ കുടുങ്ങിയ പൊന്നാനി സ്വദേശിക്ക്​ മോചനം

text_fields
bookmark_border
imprisonment
cancel

ഷാർജ: അബദ്ധത്തിൽ കേസിൽ കുടുങ്ങി ജയിലിലായ പൊന്നാനി സ്വദേശിക്ക്​ 43 ദിവസങ്ങൾക്ക്​ ശേഷം മോചനം. ഡെലിവറി ബോയ്​ ആയിരുന്ന യാക്കൂബ്​ അക്​തറാണ്​ കേസിൽ നിന്ന്​ രക്ഷപ്പെട്ടത്​. മുനിസിപ്പാലിറ്റിയിൽ വ്യാജ രേഖ നൽകി എന്നതായിരുന്നു കേസ്​. നോർക്ക വൈസ്​ ചെയർമാൻ പി. ശ്രീരാമകൃഷ്ണന്‍റെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലാണ്​ യാക്കൂബിന്‍റെ മോചനം സാധ്യമാക്കിയത്​.

ഭക്ഷണ ഡെലിവറി സ്ഥാപനമായ തലബാത്തിന്​ വേണ്ടി ഉപഭോക്​താക്കൾക്ക്​ ഭക്ഷണം എത്തിക്കുന്ന ജോലിയായിരുന്നു യാക്കൂബിന്​. പാകിസ്താനികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്നു തലബാത്തിൽ നിന്ന്​ ഈ സേവനം ഏറ്റെടുത്ത്​ നടപ്പാക്കിയിരുന്നത്​. രണ്ട്​ മാസം മുൻപ്​ ബൈക്കിൽ ഭക്ഷണവുമായി പോകവെ റോളയിൽവെച്ച്​ മുനിസിപ്പാലിറ്റി​ പരിശോധന നടത്തി. പെർമിറ്റ്​ കൈയിൽ കരുതിയില്ല എന്ന കുറ്റത്തിന്​ 1000 ദിർഹം പിഴയീടാക്കി. എന്നാൽ, ഈ തുക യാക്കൂബിന്‍റെ ശമ്പളത്തിൽ നിന്ന്​ കമ്പനി ഈടാക്കി. പെർമിറ്റ്​ ഓഫിസിൽ ഉണ്ടായിരുന്നെന്നും കൈയിൽ കരുതാതിരുന്നത്​ യാക്കൂബിന്‍റെ തെറ്റാണെന്നുമായിരുന്നു കമ്പനിയുടെ വാദം.

പെർമിറ്റാണെന്ന്​ പറഞ്ഞ്​ ഒരു പേപ്പർ യാക്കൂബിന്​ കൈമാറുകയും ചെയ്തു. ഈ രേഖയുമായി മുനിസിപ്പാലിറ്റിയിൽ എത്തിയ യാക്കൂബ്​ പിഴ എഴുതിത്തള്ളാൻ അപേക്ഷ നൽകി. എന്നാൽ, മുനിസിപ്പാലിറ്റിയിൽ നടത്തിയ പരിശോധനയിലാണ്​ ഇത്​ വ്യാജരേഖയാണെന്ന്​ മനസിലായത്​. വാഹനത്തിന്‍റെ നമ്പറും തീയതിയും മാറ്റിയ പെർമിറ്റാണ്​ കമ്പനി യാക്കൂബിനെ ഏൽപിച്ചിരുന്നത്​. ഇതിന്​ ശേഷം അവിടെ നിന്ന്​ മടങ്ങിയ യാക്കൂബിന്​ ദിവസങ്ങൾക്ക്​ ശേഷം​ അധികൃതരിൽ നിന്ന്​ വീണ്ടും വിളിയെത്തി. ഇതിന്​ പിന്നാലെയാണ്​ യാക്കൂബും രണ്ട്​ പാകിസ്താനികളും അറസ്റ്റിലായത്​. ഈ വിവരം അറിഞ്ഞ്​​ യാക്കൂബിന്‍റെ മാതാപിതാക്കൾ നോർക്ക വൈസ്​ ചെയർമാൻ പി. ശ്രീരാമകൃഷ്ണനെ ​ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ ഇടപെടലിൽ നടത്തിയ ​അന്വേഷണത്തിലാണ്​ യാക്കൂബ്​ ഏത്​ ജയിലിലാണെന്ന്​ അറിഞ്ഞത്​. രണ്ട്​ തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു.

അഡ്വ. പി.എ ഹക്കിം ഒറ്റപ്പാലത്തിന്‍റെ ഇടപെടലിനെ തുടർന്ന്​ കോടതിയിൽ ഫാറൂഖ് അബ്ദുല്ല അഡ്വക്കേറ്റ്സ് വഴി വിഷയം ധരിപ്പിച്ചു. യാക്കൂബ്​ നിരപരാധിയാണെന്നും ഇദ്ദേഹത്തിന്​ മറ്റ്​ ദുരുദ്ദേശങ്ങളുണ്ടായിരുന്നില്ലെന്നും ശമ്പളം തടഞ്ഞു വച്ച വിവരവും കമ്പനിയെ ഉത്തമവിശ്വാസത്തോടെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും കോടതിയെ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച കോടതി യാക്കൂബിനെയും മറ്റൊരു ജീവനക്കാരനെയും വെറുതെ വിട്ടു. വ്യാജരേഖ കൊടുത്ത പാകിസ്താനിയായ മാനേജർക്ക്​​ മൂന്ന്​ മാസം തടവും അതിന്​ ശേഷം നാടുകടത്തലും ശിക്ഷ വിധിച്ചു.

കേസിൽ പെടാതെ സൂക്ഷിക്കാം:

ഇത്തരം കേസുകളിൽ പ്രവാസികൾ കുടുങ്ങുന്നത്​ സാധാരണ സംഭവമായി മാറിയിരിക്കുകയാണ്​. ഇങ്ങനെ കേസിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങ​ളെ കുറിച്ച്​ അഡ്വ. പി.എ. ഹക്കീം ഒറ്റപ്പാലം പറയുന്നു -'നമ്മുടെ നിഷ്കളങ്കതയെയും അറിവില്ലായ്മയെയും ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്. മറ്റുള്ളവർ തരുന്ന രേഖകൾ അതേപടി വിശ്വസിച്ച്​​ സർക്കാർ ഓഫിസുകൾക്ക്​ കൈമാറരുത്​. രേഖകൾ ഒറിജിനലാണെന്ന്​ ക്യൂ.ആർ കോഡ് പോലെയുള്ള സംവിധാനത്തിൽ പരിശോധിച്ച്​ ഉറപ്പുവരുത്തണം. ശമ്പളം കിട്ടിയില്ലെങ്കിൽ ലേബർ കോടതിയിലാണ്​ പരാതി നൽകേണ്ടത്​. ഇതിന്​ ഓൺലൈൻ, ഓഫ്​ലൈൻ സംവിധാനങ്ങളുണ്ട്​.

നമ്മുടെ ഉത്തരവാദിത്തത്തിൽ പെടാത്തതും വിസയിൽ ഉൾപെടാത്തതുമായ ഏതു ജോലി ചെയ്യേണ്ടിവരുമ്പോഴും അത് രേഖാമൂലമുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരിക്കണം. ഇത്തരത്തിലുള്ള എന്തെങ്കിലും പ്രശനം വരുമ്പോൾ നമുക്കു ആധികാരികമായി ഉത്തരം പറയാനും രേഖകൾ സമർപ്പിക്കാനും ഇത്​ ഗുണം ചെയ്യും. ഇതുപോലെ നിസ്സാരമായി തോന്നുന്ന പല കാര്യങ്ങളും ഒരുപക്ഷെ നമ്മുടെ ജീവിതമാർഗത്തിനു തന്നെ തടസ്സമായേക്കാം. നമ്മൾ ജീവിക്കുന്ന രാജ്യത്തെ നിയമ സംവിധാനത്തെ കുറിച്ചും നമുക്കു ചുറ്റും നിത്യേന നടക്കുന്ന സംഭവങ്ങളെ കുറിച്ചും അറിയാനും ബോധവാന്മാരാവാനും ശ്രമിക്കുക എന്നതുമാത്രമാണ് പോംവഴി'.

Show Full Article
TAGS:fake document case fake document Sharjah released 
News Summary - fake document case: native of Ponnani caught in a case in Sharjah is released
Next Story