സി.ഐ.ഡി ചമഞ്ഞ് പണം തട്ടി; മൂന്നുപേർക്ക് ജയിൽ ശിക്ഷ
text_fieldsദുബൈ: സി.ഐ.ഡി ഓഫിസർ ചമഞ്ഞ് സ്വർണ വ്യാപാര കമ്പനിയുടെ ഓഫിസിൽനിന്ന് പണം തട്ടിയ കേസിൽ മൂന്നുപേരെ ദുബൈ ക്രിമിനൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. പാകിസ്താൻ പൗരന്മാരാണ് പ്രതികൾ. കഴിഞ്ഞ വർഷം മാർച്ച് ഏഴിന് നായിഫിലെ വാണിജ്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്നാണ് പ്രതികൾ 3.22 ലക്ഷം ദിർഹം തട്ടിയെടുത്തത്.
നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവദിവസം രണ്ടാം നിലയിലെ വ്യാപാര സ്ഥാപനത്തിലേക്ക് മൂന്നു പ്രതികളാണ് സി.ഐ.ഡി ചമഞ്ഞ് കവർച്ചക്കെത്തിയത്. നാലാമൻ ഓഫിസിന് പുറത്ത് കാവൽ നിൽക്കുകയും ചെയ്തു. ഓഫിസിന്റെ ഡോർ തുറക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികളിൽ ഒരാൾ ഇന്ത്യക്കാരനായ ജീവനക്കാരനെ പതിയിരുന്ന് ആക്രമിച്ചശേഷം അകത്തോട്ട് തട്ടിയിട്ട് മർദിച്ചു. ശേഷം ഇയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു.
ഇതിനിടെ രണ്ടാമത്തെ ജീവനക്കാരൻ ഓഫിസിലെത്തുകയും ഇയാൾ അകത്ത് കടന്ന ഉടനെ മറ്റൊരു പ്രതി ഡോർ അടച്ചു. തുടർന്ന് ഇയാളിൽനിന്ന് ഐഫോൺ 14 പ്രോ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തിയശേഷം ഷെൽഫിൽ സൂക്ഷിച്ചിരുന്ന 3.22 ലക്ഷം ദിർഹം കവരുകയും ചെയ്തു. സി.സി.ടി.വി കാമറ റെക്കോഡിങ് ഉപകരണവും ഇവർ കവർന്നിരുന്നു. എന്നാൽ, പൊലീസ് അന്വേഷണത്തിൽ നാലു പ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നുപേരിൽ നിന്നായി 34,305 ദിർഹം പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. മൂന്നു പ്രതികൾക്ക് ഒരുവർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടു. മൂന്നുപേരും കൂടി കവർച്ച നടത്തിയ തുക പിഴയായും നൽകണം.
ഇതിൽ വീഴ്ചവരുത്തിയാൽ ഓരോ 100 ദിർഹത്തിനും ഒരുദിവസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. നാലാമത്തെ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

