റാക് ജുല്‍ഫാര്‍ ടവറിന് സമീപം വാഹന പരിശോധനക്ക് സൗകര്യം
text_fieldsറാക് ജുല്‍ഫാര്‍ ടവറിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന ലൈറ്റ് വെഹിക്കിള്‍ ടെസ്റ്റിങ് സെന്റര്‍
റാ സല്‍ഖൈമ: ജുല്‍ഫാര്‍ ടവറിന് എതിര്‍വശം വാഹനം പരിശോധിച്ച് ലൈസന്‍സ് അനുവദിക്കുന്നതിന് സൗകര്യമൊരുക്കി അധികൃതര്‍. ദുബൈ ഒഴികെയുള്ള എമിറേറ്റുകളിലെ ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്.
ജനറല്‍ റിസോഴ്സ് അതോറിറ്റിക്ക് കീഴിലുള്ള മൊബൈല്‍ വാഹന പരിശോധന കേന്ദ്രം ശനിയാഴ്ചകളില്‍ വൈകുന്നേരം നാല് മുതല്‍ 8.30 വരെയാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ സുഹൈല അല്‍ശാമില്‍ വെഹിക്കിള്‍ വില്ലേജില്‍ മാത്രമാണ് വാഹന പരിശോധന നടത്തി മുല്‍ക്കിയ അനുവദിക്കുന്നത്. വിപുല സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ വില്ലേജില്‍ ഒരേസമയം നിരവധി വാഹനങ്ങളുടെ പരിശോധന നടക്കും.
പുതിയതും പഴയതുമായ വാഹനങ്ങളുടെ രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും ഇവിടെ നല്‍കുന്നുണ്ട്. വെള്ളിയാഴ്ചകളില്‍ മാത്രം ഉച്ചക്ക് 12 മുതല്‍ മൂന്നു മണി വരെയാണ് ഇവിടെ ഒഴിവ്. ബാക്കി ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി 10.30 വരെ വാഹന സംബന്ധമായ എല്ലാവിധ സേവനവും ഇവിടെ ലഭ്യമാണ്.