സൂക്ഷിച്ചു വേണം കമൻറും ലൈക്കും
text_fieldsദുബൈ: സാമൂഹിക മാധ്യമങ്ങൾ വന്നതോടെയാണ് നമ്മുടെ നാടിത്ര വർഗീയവത്കരിക്കപ്പെട്ടത് എന്ന് പറയാറില്ലേ. ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരും ഒരേ കടയിൽ ഇരുന്ന് കഴിച്ചവരും സാമൂഹിക മാധ്യമങ്ങളിലിരുന്ന് ആജൻമ ശത്രുക്കളെപ്പോലെ വർഗീയ തർക്കം നടത്തുന്നത് പതിവായി മാറിയിരിക്കുന്നു. നാട് വിട്ട് പ്രവാസം ആരംഭിച്ചാൽ പിന്നെ വർഗീയ കമൻറുകളുടെ എരിവും മൂർച്ചയും വർധിക്കുകയാണ് രീതി. ഒാൺലൈനിലൂടെ മോശം പരാമർശങ്ങൾ നടത്തുന്നവർക്ക് കർശന ശിക്ഷയുള്ള യു.എ.ഇയിൽ ഇൗ അടുത്ത കാലത്തു മാത്രം വിദ്വേഷ കമൻറുകളുടെ പേരിൽ മൂന്ന് മലയാളി യുവാക്കളാണ് നിയമനടപടി നേരിട്ടത്.
വ്യാജ െഎ.ഡികൾ ഉപയോഗിച്ച് വർഗീയ വിഷം ഒഴുക്കുന്ന നിരവധി മലയാളികളും ഇവിടെയുണ്ടെന്നാണ് വിവരം. വിഷയം പൊലീസിലറിയിച്ചാലുണ്ടാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് ബോധ്യമുള്ളതിനാൽ മോശം കമൻറിടുന്നവരെ ബ്ലോക്ക് ചെയ്തും നാട്ടുകാരല്ലേ എന്നോർത്ത് ക്ഷമിച്ചും വിഷയം അവസാനിപ്പിക്കാറായിരുന്നു പതിവ്. എന്നാൽ മോശം കമൻറിട്ട് പിന്നെയും വെല്ലുവിളി നടത്തുന്നതു കാണുേമ്പാൾ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ച് ആളുകൾ പരാതി നൽകുന്നതോടെയാണ് നിയമ നടപടികൾ ആരംഭിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ പ്രവർത്തനങ്ങൾ യു.എ.ഇയിലെ കുറ്റാന്വേഷണ വിഭാഗവും നിരീക്ഷിക്കുന്നുണ്ട്.
സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കുന്നതും സ്ത്രീകളെ അവഹേളിക്കുന്നതും മറ്റുമായ പോസ്റ്റുകളിട്ടാൽ ഉടനടി നടപടികളും ആരംഭിക്കും. തന്നെ അവഹേളിച്ച് പോസ്റ്റുകളിട്ട ഹരിപ്പാട് സ്വദേശിക്കെതിരെ മണിക്കൂറുകൾക്കകം നടപടി സ്വീകരിച്ച യു.എ.ഇയുടെ നടപടിയെയും നിയമങ്ങളെയും പ്രകീർത്തിച്ച് ഇന്ത്യൻ മാധ്യമ പ്രവർത്തക റാണാ അയ്യൂബ് രംഗത്തു വന്നിരുന്നു. ഒാൺലൈൻ മുഖേന ഭീകരവാദ സംഘടനകളിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നവർക്ക് ദീർഘകാലം നീണ്ടു നിൽക്കുന്ന കഠിന തടവാണ് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
