ഐ ഡ്രോപ്പ് കടത്ത് വ്യാപകം; നടപടി ശക്തമാക്കി ദുബൈ കസ്റ്റംസ്
text_fieldsദുബൈ: നിയന്ത്രിത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഐ ഡ്രോപ്പിന്റെ 26,766 കുപ്പികള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ പിടിച്ചെടുത്തതായി ദുബൈ കസ്റ്റംസ് അറിയിച്ചു. 62 വ്യത്യസ്ത ദൗത്യങ്ങളിലായാണ് ഇത്രയേറെ മരുന്നുകള്‍ പിടിച്ചെടുത്തത്. ലഹരി മരുന്നായി ഇവ ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ യു.എ.ഇ അധികൃതർ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത് വില്‍ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിയമം.
ഉപയോക്താവിന് മയക്കുമരുന്നിന് സമാനമായ ഫലങ്ങള്‍ നല്കുന്ന ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് കസ്റ്റംസിലെ പാസഞ്ചര്‍ ഓപറേഷന്‍സ് വകുപ്പ് മേധാവി ഖാലിദ് അഹമ്മദ് യൂസഫ് പറഞ്ഞു. നിയന്ത്രിത മരുന്നുകള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയില്‍ നാര്‍ക്കോട്ടിക്, സൈക്കോട്രോപ്പിക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ അംഗീകൃത ആരോഗ്യ വിദഗ്ധന്റെ കുറിപ്പടിയില്ലാതെ ലഭിക്കില്ല.
അതുകൊണ്ടാണ് നിയന്ത്രിത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് യു.എ.ഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തില്‍നിന്നും അനുമതി നേടണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത്തരം മരുന്നുകളുടെ കള്ളക്കടത്ത് തടയുന്നതിന് സമഗ്രമായ പരിശോധന സംവിധാനങ്ങളും കസ്റ്റംസ് കൈക്കൊള്ളുന്നുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് മരുന്നുകൾ വ്യാപകമായി യു.എ.ഇയിലേക്കെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

