ഡിസ്കവറി ഗാർഡനിലെ പെയ്ഡ് പാർക്കിങ് രജിസ്ട്രേഷന് കൂടുതൽ സമയം
text_fieldsദുബൈ: ഡിസ്കവറി ഗാർഡനിലെ പെയ്ഡ് പാർക്കിങ് രജിസ്ട്രേഷന് കൂടുതൽ സമയം അനുവദിച്ചു. ‘പാർക്കോണിക്’ ആപ്പ് ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് താമസക്കാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് നടപടിയെന്ന് ‘ഗൾഫ് ന്യൂസ്’ വാർത്തയിൽ പറഞ്ഞു. ജനുവരി 19 തിങ്കളാഴ്ച വരെ ആക്ടിവേഷൻ കാലയളവ് നീട്ടിയതായാണ് പാർക്കോണിക് സ്ഥിരീകരിച്ചത്.
താമസക്കാർക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നേക്കാമെന്ന് മനസ്സിലാക്കുന്നുവെന്നും എല്ലാവർക്കും അങ്ങനെ ചെയ്യാൻ ന്യായമായ അവസരം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും കമ്പനി പറഞ്ഞു. ജനുവരി 15ന് പെയ്ഡ് പാർക്കിങ് സംവിധാനം ഔദ്യോഗികമായി ആരംഭിച്ചതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് നിരവധി താമസക്കാർ പറഞ്ഞതിനെ തുടർന്നാണ് പുതിയ തീരുമാനം. പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണം മെച്ചപ്പെടുത്താനും തിരക്ക് കുറക്കാനും ലക്ഷ്യമിട്ടാണ് ഡിസ്കവറി ഗാർഡനിൽ പെയ്ഡ് പാർക്കിങ് നടപ്പാക്കുന്നത്. മേഖലയിൽ പാർക്കിങ് സോൺ ബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്.
പുതിയ സംവിധാനത്തിന് കീഴിൽ കെട്ടിടങ്ങളിലെ നിലവിൽ പാർക്കിങ് സ്ഥലമില്ലാത്ത ഓരോ റെസിഡൻഷ്യൽ യൂനിറ്റിനും ഒരു സൗജന്യ പാർക്കിങ് പെർമിറ്റ് അനുവദിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അധിക വാഹനങ്ങൾ പാർക്ക് ചെയ്യാൻ പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ ആവശ്യമാണ്. പ്രതിമാസ അംഗത്വത്തിന് 945 ദിർഹവും ത്രൈമാസ അംഗത്വത്തിന് 2,625 ദിർഹവുമാണ് നിരക്ക്.
ത്രൈമാസ മെംബർഷിപ്പിലൂടെ പ്രതിമാസം പണമടക്കുന്നതിനെക്കാൾ 210 ദിർഹം ലാഭിക്കാൻ കഴിയും. പാർക്കോണിക് ടെനന്റ് രജിസ്ട്രേഷൻ പോർട്ടൽ വഴി താമസക്കാർക്ക് അവരുടെ സൗജന്യ പാർക്കിങ് പെർമിറ്റുകൾ ആക്ടിവേറ്റ് ചെയ്യാം.
പാർക്കോണിക് വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവയിലൂടെ പണമടച്ചുള്ള പാർക്കിങ് സബ്സ്ക്രിപ്ഷനുകൾ ലഭ്യമാണ്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് താമസക്കാർ പാർക്കിങ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കമ്യൂണിറ്റി ഡെവലപ്പർ നഖീൽ ഇ-മെയിലുകൾ അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

