അതിവേഗ പാസ്പോര്‍ട്ട് പുതുക്കല്‍ എംബസി, കോണ്‍സുലേറ്റ് വഴി മാത്രം
text_fieldsഅബൂദബി: അതിവേഗ പാസ്പോര്‍ട്ട് പുതുക്കല്‍ എംബസി, കോണ്‍സുലേറ്റ് വഴി മാത്രമേ ലഭ്യമാകൂ എന്ന് വിശദീകരിച്ച് യു.എ.ഇ ഇന്ത്യൻ എംബസി. പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള വിവിധ സേവനങ്ങള്‍ വിശദീകരിച്ച് അബൂദബിയിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സാധാരണ പാസ്പോര്‍ട്ട് പുതുക്കല്‍ സേവനം, തൽക്കാല്‍ പാസ്പോര്‍ട്ട് പുതുക്കല്‍ സേവനം, പ്രീമിയം ലോഞ്ച് സേവനം എന്നിങ്ങനെയുള്ള സേവനങ്ങളെക്കുറിച്ചാണ് എംബസിയുടെ വിശദീകരിച്ചത്.
ബി.എൽ.എസ് ഇന്റര്‍നാഷനല്‍ മുഖേന പ്രീമിയം ലോഞ്ച് സര്വിസസിലൂടെ ലഭിക്കുന്ന അപേക്ഷകള്‍ അതിവേഗ പാസ്പോര്‍ട്ട് പുതുക്കല്‍ സേവനമല്ലെന്ന് എംബസി വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഫീസ് അടച്ച് തൽക്കാല്‍ സേവനത്തിലൂടെ മാത്രമേ അതിവേഗ പാസ്പോര്‍ട്ട് പുതുക്കല്‍ ലഭ്യമാവൂ എന്നും അറിയിപ്പില്‍ പറയുന്നു. യു.എ.ഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ ബി.എൽ.എസ് ഇന്റര്‍നാഷനല്‍ വഴിയാണ് ശേഖരിച്ച് നടപടികള്‍ക്കായി അയക്കുന്നത്. ബി.എൽ.എസിന്റെ വിവിധ കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തോ ദുബൈയിലെയോ അബൂദബിയിലെയോ ബി.എൽ.എസ് പ്രീമിയം ലോഞ്ചസിന്റെ വെബ്സൈറ്റുകള്‍ മുഖേനയോ പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
അതേസമയം തൽക്കാല്‍ പാസ്പോര്‍ട്ട് പുതുക്കല്‍ സേവനത്തിന് മുന്‍കൂര്‍ അപ്പോയിന്മെന്റ് ആവശ്യമില്ല. നേരിട്ടെത്തി നല്കുന്ന എല്ലാ തൽക്കാല്‍ അപേക്ഷകളും സ്വീകരിക്കുമെന്നും എംബസി കൂട്ടിച്ചേര്‍ത്തു. പാസ്പോര്‍ട്ട് പുതുക്കല്‍ സേവനങ്ങള്‍ക്ക് ഇന്ത്യയിലെ പൊലീസ് ക്ലിയറന്‍സ് അനിവാര്യമാണ്. അപേക്ഷിക്കുന്ന സമയത്ത് തിരഞ്ഞെടുക്കുന്ന സേവന വിഭാഗത്തെ ആശ്രയിച്ചാണ് ഇതു നടക്കുകയെന്നും എംബസി വ്യക്തമാക്കി.
സാധാരണ രീതിയിലുള്ള പാസ്പോര്‍ട്ട് പുതുക്കലിന് പൊലീസ് ക്ലിയറന്‍സ് ആദ്യം നടക്കും. തൽക്കാല്‍ പാസ്പോര്‍ട്ട് സേവനത്തിനു കീഴില്‍ പാസ്പോര്‍ട്ട് നല്കിയ ശേഷമായിരിക്കും പൊലീസ് ക്ലിയറന്‍സ് ഉണ്ടാവുക. സാധാരണ പാസ്പോര്‍ട്ട് പുതുക്കല്‍ സേവനത്തില്‍ അപേക്ഷ നല്കിയാല് മൂന്നോ നാലോ ദിവസമാണ് നടപടികള്‍ പൂര്ത്തിയാവാനെടുക്കുക. തല്‍ക്കാല്‍ സേവനത്തിനു കീഴില്‍ തൊട്ടടുത്ത പ്രവൃത്തി ദിനത്തിലോ അല്ലെങ്കില്‍ ഉച്ചക്ക് 12നു മുന്നോടിയായി അപേക്ഷ നല്കിയാല് അതേ ദിവസം തന്നെയോ പാസ്പോര്‍ട്ട് അനുവദിക്കും.
മുതിര്‍ന്നവര്‍ക്കുള്ള പാസ്പോര്‍ട്ട് പുതുക്കലിന്(36പേജ്) 285 ദിര്‍ഹമാണ് ഫീസ്. 60 പേജിന് 380 ദിര്‍ഹം ഈടാക്കും.
തൽക്കാല്‍ സേവനം(36 പേജ്)855 ദിര്‍ഹം, 60 പേജിന് 950 ദിര്‍ഹമും നല്‍കണം. 9 ദിര്‍ഹം സര്‍വിസ് ചാര്‍ജിനത്തിലും 8 ദിര്‍ഹം പ്രവാസി ക്ഷേമ നിധിയിലേക്കും നല്‍കണം.
പ്രീമിയം ലോഞ്ച് സര്‍വിസ് ചാര്‍ജിനത്തില്‍ 236.25 ദിര്‍ഹം നല്‍കണം. ഇതിനു പുറമെയാണ് പാസ്പോര്‍ട്ടിനുള്ള പതിവ് ഫീസ് നിരക്കുകള്‍ നല്‍കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

